തദ്ദേശ, ആരോഗ്യ വകുപ്പുകള്‍ക്കെതിരേ അഴിമതി ആരോപണം
തിരുവനന്തപുരം: തദ്ദേശ, ആരോഗ്യവകുപ്പുകള്‍ക്കെതിരേ ഗുരുതര അഴിമതി ആരോപണവുമായി വി.ഡി സതീശന്‍ നിയമസഭയില്‍. 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃത് പദ്ധതിയിലും ബ്ലഡ് പ്ലാസ്മ വില്‍പന കരാറിലുമാണ് അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. നഗരങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് സതീശന്‍ ആരോപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്‍പരിചയമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയെന്നും സതീശന്‍ ആരോപിച്ചു.
2016ല്‍ സ്ഥാപിതമായ സ്വകാര്യ സ്ഥാപനത്തിനാണ് ദ്രവമാലിന്യ പ്ലാന്റ് നിര്‍മാണത്തിനുള്ള കണ്‍സല്‍ട്ടന്‍സി കരാര്‍ നല്‍കിയത്. യോഗ്യതയുള്ള മറ്റു കമ്പനികളെ ഒഴിവാക്കിയാണ് ഇത്. ശുചിത്വ മിഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഈ കമ്പനിക്ക് കരാര്‍ നല്‍കുകവഴി 629 കോടിയുടെ പദ്ധതിയാണ് അവതാളത്തിലായത്.
ഈ കമ്പനി ഏറ്റെടുത്ത മൂന്ന് സ്ഥലങ്ങളിലും പദ്ധതി എങ്ങുമെത്തിയില്ല. കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ വന്‍ തുക കൈപ്പറ്റുകയും ചെയ്തു. 1.8 ശതമാനം മുതല്‍ 2.3 ശതമാനം വരെയാണ് കണ്‍സള്‍ട്ടന്‍സി ചാര്‍ജ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതകള്‍ മനസിലാക്കാതെയാണ് സതീശന്റെ ആരോപണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബ്ലഡ് പോളിസി അനുസരിച്ച് രക്തബാങ്കുകളില്‍ ഘടകങ്ങള്‍ വേര്‍തിരിക്കുമ്പോള്‍ അധികംവരുന്ന പ്ലാസ്മ വില്‍ക്കാന്‍ അനുമതിയുണ്ട്. കരള്‍ രോഗങ്ങള്‍ക്കും ഹീമോഫീലിയ പോലുള്ള രോഗങ്ങള്‍ക്കുമുള്ള മരുന്നുകളടക്കം മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കാനാണ് ഇത്.
ഒരു ലിറ്ററിന് 1600 രൂപയില്‍ കൂടുതല്‍ വില ഈടാക്കരുതെന്നും മരുന്നുകമ്പനിയില്‍നിന്ന് ഇത്തരം മരുന്നുകള്‍ കുറഞ്ഞ വിലക്ക് തിരികെവാങ്ങാമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, റിലയന്‍സിന്റെ ലൈഫ് സയന്‍സ് എന്ന മരുന്നുകമ്പനി ലിറ്ററിന് 2,500 രൂപ വില നിശ്ചയിച്ച് പ്ലാസ്മ വാങ്ങാന്‍ കരാറിലേര്‍പ്പെട്ടതില്‍ വലിയ അഴിമതിയുണ്ടെന്നും സതീശന്‍ ആരോപിച്ചു.
സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. വകുപ്പ് മന്ത്രിമാര്‍ ആരോപണങ്ങള്‍ നിഷേധിച്ചതിന്റെ അടിസ്ഥാനത്തില്‍ യാതൊരു അന്വേഷണവും വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."