ആറന്മുള പദ്ധതി: കെ.ജി.എസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി തേടിക്കൊണ്ട് കെ.ജി.എസ് കമ്പനി സമര്‍പ്പിച്ച പുതിയ അപേക്ഷ ഇന്ന് പരിഗണിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അപേക്ഷ പരിഗണിക്കുന്നത്. പ്രവാസികള്‍ ഏറെയുള്ള പത്തനംതിട്ട, കോട്ടയം ജില്ലകള്‍ക്ക് വളരെയേറെ പ്രയോജനം നല്‍കുന്നതാന്ന് ആറന്മുള വിമാനത്താവള പദ്ധതിയെന്നും ശബരിമല അടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും പദ്ധതി ഗുണം ചെയ്യുമെന്നും അപേക്ഷയില്‍ വിശദീകരിക്കുന്നു.
ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി റദ്ദാക്കിയിരുന്നു. ഈ വിധി സുപ്രിംകോടതിയും ശരിവച്ചതോടെ കമ്പനി പദ്ധതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുകൂലമായിരുന്നു. പുതിയ സര്‍ക്കാരിന്റെ നിലപാട് ഇത്തവണ നിര്‍ണായകമാകും. അതിനിടെ കെ.ജി.എസിന്റെ അപേക്ഷ പരിഗണിക്കുന്നതിനു മുമ്പായി തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പരിസ്ഥിതി മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."