സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കല്‍ ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിന്റെ അനുമതിതേടി
തിരുവ നന്തപുരം: കേന്ദ്ര ഏജന്‍സിക്കെതിരായ ശബ്ദരേഖയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തില്‍ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിന്റെ അനുമതി തേടി. എന്നാല്‍, ക്രൈംബ്രാഞ്ച് ഉടന്‍ കേസെടുക്കില്ല. ശബ്ദരേഖയിലെ ആരോപണം ഗുരുതരമാണെങ്കിലും ശബ്ദം സ്വപ്നയുടേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസെടുക്കാനാകൂവെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
കേന്ദ്ര ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കുന്ന ശബ്ദരേഖയില്‍ ഇ.ഡിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുക്കാനുള്ള അനുമതിക്കായി ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന് കത്തുനല്‍കിയത്.
പക്ഷേ സ്വപ്ന റിമാന്‍ഡിലായതിനാല്‍ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാകുമോയെന്ന് ജയില്‍ വകുപ്പിന് സംശയമുണ്ട്. നിയമവശം പരിശോധിച്ച ശേഷമെ ക്രൈംബ്രാഞ്ചിന് അനുമതി നല്കുന്ന കാര്യം തീരുമാനിക്കൂ. കേസെടുക്കണമെങ്കില്‍ അത് തന്റെ ശബ്ദമാണെന്നും പരാതിയുണ്ടെന്നും സ്വപ്ന ഏറ്റുപറയേണ്ടതുണ്ട്.
എങ്കില്‍ ഭീഷണിയും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍പ്രകാരം കേസെടുക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
അതിനാല്‍ മൊഴിയെടുപ്പില്‍ സ്വപ്ന എന്ത് പറയുന്നുവെന്ന് അറിഞ്ഞശേഷം കേസെടുത്താല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന. നേരത്തെ ജയില്‍വകുപ്പിന്റെ അന്വേഷണത്തില്‍ ശബ്ദം സ്വപ്നയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."