പ്രളയ ദുരന്തം: ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നടപടികള്‍ കൈകൊള്ളുമെന്ന് പി.കെ ബിജു എം.പി
വടക്കാഞ്ചേരി: ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും മൂലം തലപ്പിള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കയും ഭീതിയുമകറ്റാന്‍ ആവശ്യമായ നടപടി കൈകൊള്ളുമെന്ന് ഡോ: പി.കെ ബിജു എം.പി പറഞ്ഞു.
അപകടം നടന്ന സ്ഥലങ്ങളില്‍ വിശദമായ ശാസ്ത്രീയ പഠനം നടത്തും. ഇതിന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിനെ ചുമതലപ്പെടുത്തുമെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്നും ബിജു പറഞ്ഞു.
തലപ്പിള്ളിയില്‍ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ തയാറാക്കുന്നതിനും വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു എം.പി. താലൂക്കിലെ 45 വില്ലേജുകളില്‍ 39 എണ്ണവും പ്രളയ ദുരിതം അനുഭവിയ്ക്കുകയാണ്. 24 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇത് ഏറെ വേദനാജനകമാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് എം.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വനമേഖലയിലെ നീര്‍ചോലകളുടേയും അരുവികളുടേയും സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്താന്‍ നടപടി കൈകൊള്ളണം, പൊതുമരാമത്ത് റോഡ് കൈയേറി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഒരാഴ്ചയ്ക്കകം മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിയ്ക്കാന്‍ വിശദ്ദമായ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. താലൂക്കില്‍ 1082 പേര്‍ക്ക് പതിനായിരം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ചേലക്കര എം.എല്‍.എ യു.
ആര്‍ പ്രദീപ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബസന്ത് ലാല്‍, വി. തങ്കമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ ശ്രീജ, കെ.കെ ബാബു , എം.എച്ച് അബ്ദുള്‍ സലാം , ആര്‍. ഉണ്ണികൃഷ്ണന്‍, പി. പത്മജ , ശോഭന രാജന്‍, എം.ആര്‍ മണി, തഹസില്‍ദാര്‍ മുസ്തഫ കമാല്‍ പങ്കെടുത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."