കടമ്പ്രയാര്‍ ശുചീകരണം ആരംഭിച്ചു
കൊച്ചി: ജില്ലയിലെ പ്രധാനജലസ്രോതസ്സായ കടമ്പ്രയാറിന്റെ ശുചീകരണം ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് ബ്രഹ്മപുരം പാലത്തില്‍ നിന്നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വി.പി സജീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കലക്ടറും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
സ്വകാര്യ പങ്കാളിത്തത്തോടു കൂടി എകദേശം 9 കിലോമീറ്റര്‍ ദൈര്‍ഘമുള്ള പ്രദേശങ്ങള്‍ ശുചീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കടമ്പ്രയാറിലെ പോളകള്‍ നശിപ്പിക്കാനുമുള്ള പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഇടച്ചിറ തോടിന്റെ ശുദ്ധികരണവും ഇതിലുള്‍പ്പെടും. ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണം. ഇതിനായുള്ള ഫണ്ട് പ്രമുഖ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് വകയിരുത്തും. മെഷീന്‍ ഉപയോഗിച്ച് പോള വാരുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്നലെ ആരംഭിച്ചത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
പോള വാരി മാറ്റി ജലത്തിന്റെ സ്വാഭാവിക നീരൊഴുക്കിനെ സുഗമമാക്കുക, മാലിന്യവും പോളകളും നിക്കം ചെയ്ത് ജലം ശുദ്ധീകരിക്കുക, മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, പുഴ ശുദ്ധീകരിച്ച് ജലജന്യപകര്‍ച്ചവ്യാധികള്‍ തടയുക, പുഴയുടെ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടു വരിക, ജലഗതാഗതം സുഗമമാക്കുക തുടങ്ങിയവയാണ് ശുചീകരണപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."