മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ജപ്പാന്‍ വീണ്ടും തിമിംഗലവേട്ടയ്ക്ക്
ടോക്കിയോ: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ജാപ്പനീസ് മത്സ്യത്തൊഴിലാളികള്‍ തിമിംഗലവേട്ടയ്ക്കിറങ്ങി. അന്താരാഷ്ട്ര തിമിംഗല കമ്മിഷനില്‍ (ഐ.ഡബ്ല്യു.സി) നിന്ന് പിന്മാറാനുള്ള ടോക്കിയോയുടെ വിവാദ തീരുമാനത്തിന് ശേഷമാണ് ഈ നടപടി. ഇന്നലെ രാവിലെ വടക്കന്‍ ജപ്പാനിലെ ഹോക്കൈഡോയിലുള്ള കുഷിരോ പട്ടണമടക്കം പല ഭാഗങ്ങളില്‍നിന്ന് തിമിംഗലവേട്ടക്കായി അഞ്ചു കപ്പലുകള്‍ പുറപ്പെട്ടു. ഉച്ചയോടെ ആദ്യ തിമിംഗലത്തെ പിടികൂടിയതായി ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശാസ്ത്രീയ ഗവേഷണത്തിനെന്ന പേരില്‍ നേരത്തെ തിമിംഗലവേട്ട നടത്തിയിരുന്ന കപ്പല്‍ക്കൂട്ടവും പടിഞ്ഞാറന്‍ ജപ്പാനിലെ ഷിമോനോസെകി തുറമുഖത്തുനിന്ന് പുറപ്പെട്ടിട്ടുണ്ട്.
ഡിസംബര്‍ വരെ 227 തിമിംഗലങ്ങളെ കൊല്ലാനാണ് കപ്പലുകള്‍ പദ്ധതിയിടുന്നതെന്ന് ക്യോഡോ വാര്‍ത്താ ഏജന്‍സി ജാപ്പനീസ് സര്‍ക്കാര്‍ വൃത്തത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചില്‍ അവസാനിച്ച അന്റാര്‍ട്ടിക്കയിലെ അവസാന ഗവേഷണ പര്യവേക്ഷണത്തിന്റെ ഭാഗമായി 333 തിമിംഗലങ്ങളെയാണ് അവര്‍ കൊന്നത്.
ഇതോടെ പരിസ്ഥിതി പ്രവര്‍ത്തകരും തിമിംഗലവേട്ട നിരോധിച്ച രാജ്യങ്ങളും കടുത്ത വിമര്‍ശനവുമായി രംഗത്തെത്താന്‍ തുടങ്ങിയിട്ടുണ്ട്. ജപ്പാനിലെ ചില പരമ്പരാഗത സമുദായങ്ങളുടെ ദീര്‍ഘകാല പാരമ്പര്യ തൊഴിലായിരുന്നു തിമിംഗല വേട്ട. ഐ.ഡബ്ല്യു.സി നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് ശാസ്ത്രീയ ഗവേഷണ ആവശ്യങ്ങള്‍ക്കായി തിമിംഗലവേട്ട നടത്താമെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് ഐ.ഡബ്ല്യു.സിയിലെ മറ്റു രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ കഴിഞ്ഞവര്‍ഷം ജപ്പാന്‍ സംഘടനയില്‍നിന്നു പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.
നൂറ്റാണ്ടുകളായി തിമിംഗലവേട്ട നടത്തുന്ന രാജ്യമാണ് ജപ്പാന്‍. 400 വര്‍ഷം മുന്‍പേ ഇവിടെ തിമിംഗലവേട്ട നടന്നിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം രാജ്യം ദരിദ്രമായിരുന്ന കാലത്ത് തിമിംഗലമാംസമായിരുന്നു അവരുടെ ഭക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."