ചേംബര്‍ ഹാള്‍ കൈയേറി ഹോങ്കോങ്ങിലെ പ്രക്ഷോഭകര്‍
ഹോങ്കോങ്: ഹോങ്കോങ് ചൈനക്ക് കൈമാറിയതിന്റെ 22 ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്ത് വന്‍ ജനാധിപത്യ അനുകൂല റാലി. അഞ്ചര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ ചേംബറിലേക്ക് കയറി ബ്രിട്ടിഷ് പതാക അവിടെ സ്ഥാപിക്കാനും ശ്രമിച്ചു. നിയമസഭാ കൗണ്‍സില്‍ പ്രസിഡന്റ് ആന്‍ഡ്ര്യു ലിങ്ങിന്റെയും മുന്‍ പ്രസിഡന്റ് റിത ഫാനിന്റെയും ചിത്രങ്ങള്‍ അവര്‍ കീറി വലിച്ചിട്ട് വികൃതമാക്കി.
അര്‍ധ സ്വയംഭരണ നഗരമായ ഹോങ്കോങ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി വമ്പിച്ച ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന ബില്ലിനെതിരെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭ പരിപാടികള്‍ അവിടെ അരങ്ങേറിയത്. സമരത്തിനുമുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നിരുന്നു.
മുഖംമൂടിധാരികളായ ചെറുപ്പക്കാരാണ് മൂന്ന് പ്രധാന പാതകള്‍ കൈയടക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കിടയിയിലേക്ക് പൊലിസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായി 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ സ്വാതന്ത്ര്യത്തെയും സംസ്‌കാരത്തെയും തകര്‍ക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു. പ്രക്ഷോഭകര്‍ പതിവായി കൊളോണിയല്‍ ബ്രിട്ടിഷ് പതാക ഉയര്‍ത്തുന്നത് ചൈനയെ പ്രകോപിപ്പിക്കുന്നുണ്ട്. ഹോങ്കോങ്ങില്‍ ബ്രിട്ടന് യാതൊരു അധികാരവും അവശേഷിക്കുന്നില്ലെന്ന് ചൈന വ്യക്തമാക്കി.
1997 ജൂലൈ 1നാണ് ഹോങ്കോങ്ങിനെ ബ്രിട്ടന്‍ ചൈനക്ക് കൈമാറിയത്. 'ഒരു രാജ്യം, രണ്ട് സംവിധാനങ്ങള്‍' എന്ന ക്രമീകരണത്തിലാണ് ഇവിടെ ഇപ്പോഴും ഭരണം നടക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയില്‍ കാണാത്ത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് ഹോങ്കോങ്ങുകാര്‍ അനുഭവിക്കുന്നത്. എന്നാല്‍ ചൈന കരാറില്‍നിന്നും പിന്മാറുന്നുവെന്ന പേടിയിലാണ് ജനങ്ങള്‍.
ഹോങ്കോങ്ങിന്റെ പരമാധികാരം ചൈനക്ക് കൈമാറിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പൊതുപരിപാടികള്‍ നടക്കാറുണ്ട്. വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധവും അതേ ദിവസം നടക്കും. വിവാദ ബില്‍ പിന്‍വലിക്കുന്നതോടൊപ്പം കാരി ലാം ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയും വേണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."