കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു
വടക്കഞ്ചേരി: മംഗലം ഡാമിനടുത്ത് ഓടംന്തോട് നന്നങ്ങാടി ചാലി റബര്‍ എസ്റ്റേറ്റ് അതിര്‍ത്തിയില്‍ കമ്പിവേലിയിലെ കെണിയില്‍ കുടുങ്ങിയ പുലി ചത്തു. തളര്‍ന്ന് അവശനായി കിടന്നിരുന്ന പുലിയെ മയക്കാന്‍ കൂടുതല്‍ മയക്കുവെടി വച്ചതും കുരുക്ക് മുറുകി രക്തപ്രവാഹം തടസപ്പെട്ടതും മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ധോണി ഫാമിലെത്തിച്ച പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി കൂടുതല്‍ പരിശോധന നടത്തും.
അഞ്ച് വയസ് പ്രായം വരുന്ന ആണ്‍ പുള്ളിപുലിയാണ് ഇന്നലെ വൈകിട്ടോടെ ചത്തത്. കബിള്‍ കൊണ്ട് ഉണ്ടാക്കിയിരുന്ന കുടുക്ക് പുലിയുടെ ഇടുപ്പിലാണ് കുടുങ്ങിയിരുന്നത്. ഇതിനാല്‍ പുലി രക്ഷപ്പെടാനായുള്ള വെപ്രാളത്തില്‍ കുടുക്ക് കൂടുതല്‍ മുറുകി. ഇടുപ്പില്‍ തൊലി നീങ്ങി മാംസം പുറത്ത് വന്ന നിലയിരുന്നു പുലി. പുലി കുടുങ്ങിയ കുടുക്കിനു പുറമെ മറ്റൊരു കുടുക്കും സമീപത്തുണ്ടായിരുന്നു. രണ്ട് തവണ പിന്‍കാലിന്റെ തുടഭാഗത്ത് മയക്കുവെടി വച്ചിട്ടും മയങ്ങാതിരുന്ന പുലിയെ മൂന്നാമതും വെടിവച്ചാണ് മയക്കിയത്. മയക്കുവെടി വച്ച് നിരീക്ഷിച്ചതിനു ശേഷം പിന്നേയും മയക്കുവെടി വച്ചതില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടുണ്ടാകാമെന്ന വാദവുമുണ്ട്. എന്തായാലും എട്ട് മണിക്കൂര്‍ നീണ്ട രക്ഷപ്പെടുത്തല്‍ ശ്രമം പാഴായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."