ലൗ ജിഹാദ് യോഗിയുടെ ആരോപണങ്ങള്‍ യു.പി പൊലിസിന്റെ റിപ്പോര്‍ട്ടിന് കടകവിരുദ്ധം
ലഖ്‌നൗ: ഹിന്ദുപെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കി വിവാഹം കഴിക്കുന്നത് (ലൗ ജിഹാദ്) വര്‍ധിക്കുകയാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങളും അദ്ദേഹത്തിനു കീഴിലുള്ള പൊലിസ് തയാറാക്കിയ റിപ്പോര്‍ട്ടും കടകവിരുദ്ധം.
ഇത്തരത്തില്‍ മുസ്‌ലിം യുവാക്കളുടെ 'നിര്‍ബന്ധിത മതപരിവര്‍ത്തന'ത്തിന് വിധേയരായ ഹിന്ദു പെണ്‍കുട്ടികളുടെ കണക്ക് തയാറാക്കിയ കാണ്‍പൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ മോഹിത് അഗര്‍വാളിന്റെ റിപ്പോര്‍ട്ടാണ് സംഘ്പരിവാര്‍ പ്രചാരണങ്ങളെ തള്ളിക്കളയുന്നത്. മേഖലയില്‍ ലൗ ജിഹാദ് വ്യാപകമായിട്ടുണ്ടെന്നും അവ അന്വേഷിക്കേണ്ടതുണ്ടെന്നുമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യപ്രകാരമാണ് കാണ്‍പൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രത്യേക സംഘം രൂപീകരിച്ചത്.
കാണ്‍പൂര്‍ ഡിവിഷനു കീഴില്‍ ആകെ ഇത്തരത്തില്‍ വിവാദമായ 14 കേസുകളാണുള്ളത്. 14 കേസുകളിലെയും യുവതികള്‍ തങ്ങളുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്നും തികച്ചും പ്രണയമാണ് അടിസ്ഥാനമെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ മുസ്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹം ചെയ്ത എട്ടു കേസുകളിലാണ് അന്വേഷണം പൂര്‍ത്തിയായത്. റിപ്പോര്‍ട്ടില്‍ സംഘ്പരിവാര്‍ പ്രധാനമായും ലൗ ജിഹാദ് ആയി ആരോപിച്ച ശാലിനി യാദവ് എന്ന യുവതിയുടെ മൊഴിയും നല്‍കിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായിട്ടില്ലെന്നും ആരുടെയും സമ്മര്‍ദമില്ലെന്നും അവര്‍ പറയുന്നുണ്ട്.
സ്വന്തം ഇഷ്ടപ്രകാരമാണ് ശാലിനിയുടെ വിവാഹമെന്ന് യുവതിയുടെ മാതാവും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യു.പി സര്‍ക്കാര്‍ അവരുടെ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ബാക്കിയുള്ള ആറു കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. ഒരു കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കിയെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം യുവാവിനെ അറസ്റ്റ്‌ചെയ്തിട്ടുണ്ടെങ്കിലും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. ലൗ ജിഹാദിനെതിരേ നിയമം കൊണ്ടുവരുമെന്ന് ഉത്തര്‍പ്രദേശിനു പുറമെ ബി.ജെ.പി ഭരിക്കുന്ന ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് സര്‍ക്കാരുകള്‍ അറിയിച്ച പശ്ചാത്തലത്തിലാണ് കാണ്‍പൂര്‍ പൊലിസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."