പറവൂര്‍ നഗരത്തില്‍ മെയിന്‍ റോഡില്‍ പാര്‍ക്കിങ് നിരോധിക്കുന്നു
പറവൂര്‍: നഗരത്തില്‍ വര്‍ധിച്ചു വരുന്ന തിരക്കുകളും റോഡപകടങ്ങളും നിയന്ത്രിക്കാന്‍ മെയിന്‍ റോഡരികില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ലെന്ന് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി. പരീക്ഷണ അടിസ്ഥാനത്തില്‍ ജൂണ്‍ അഞ്ചു മുതല്‍ തുടക്കം കുറിക്കും.
മുനിസിപ്പല്‍ കവല മുതല്‍ ചേന്ദമംഗലം കവല വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമാണ് പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. മുനിസിപ്പല്‍ കവല, പല്ലംതുരുത്ത് റോഡ്, പ്രൈവറ്റ് ബസ്റ്റാന്റ് റോഡ്, നമ്പൂരിയച്ചന്‍ ആല്‍ പരിസരം എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കിങ് നിരോധിക്കുന്നത്. ബദല്‍ സംവിധാനം എന്ന നിലയില്‍ പേ ആന്റ് പാര്‍ക്കിങ് ഏര്‍പ്പെടുത്തും.
കൊടുങ്ങല്ലൂരില്‍ നിന്നും വരുന്ന ബസ്സ് യാത്രക്കാര്‍ക്ക് നഗരസഭാ കാര്യാലയത്തിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യക്കു മുമ്പിലും ചെറായി, വരാപ്പുഴ ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ക്ക് പുല്ലംകുളം ജങ്ഷനിലും പുതുതായി സ്റ്റോപ് അനുവദിക്കും. പ്രധാന റോഡിലേക്കിറക്കി കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും പൊലിസ് സഹകരണത്തോടെ പരിശോധന നടത്തി ഒഴിവാക്കും. യാത്രക്കാര്‍ക്ക് ഭീഷണിയായി സ്ഥാപിച്ചിട്ടുള്ള നഗരത്തിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും. ഇതിനായി അടുത്ത ആഴ്ച്ചയില്‍ ട്രാഫിക്ക് ഓഡിറ്റ് നടത്തും.
നഗരസഭ മുതല്‍ ചേന്ദമംഗലം കവലവരെ റോഡിനു കുറുകെയുള്ള ആര്‍ച്ചുകള്‍ അനുവദിക്കില്ല. പരീക്ഷണ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് ആശുപത്രിക്കു മുമ്പിലുള്ള ബസ് സ്റ്റോപ്പ് പോസ്റ്റാഫീസ് പരിസരത്തേക്ക് മാറ്റും. ചേന്ദമംഗലം ഫെഡറല്‍ ബാങ്കിന് മുന്നിലുള്ള ബസ് സ്റ്റോപ്പ് സി.സി ടവറിനു മുന്നിലേക്ക് മാറ്റും. മെയിന്‍ റോഡില്‍ പകല്‍ സമയം ചരക്കു ലോറികള്‍ നിരോധിക്കും. ഈ നിയന്ത്രണങ്ങള്‍ എല്ലാം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പതിനഞ്ചു ദിവസത്തേക്കാണ് നടപ്പാക്കുന്നത്. ടി ആര്‍ സി യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."