ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കേരളത്തിലെ സംവരണ ലിസ്റ്റ് പുതുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. 1993ലെ സംസ്ഥാന പിന്നാക്കവിഭാഗ നിയമത്തിലെ 11ാം വകുപ്പ് പ്രകാരം ലിസ്റ്റ് പുതുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹരജിയാണ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചത്.
മണ്ഡല്‍ വിധിയുടെ അടിസ്ഥാനത്തിലുള്ള എല്ലാ കേസുകളും സുപ്രിംകോടതിയെ മാത്രമേ സമീപിക്കാവു എന്നാണ് സുപ്രിംകോടതി ഉത്തരവ്.
എന്നാല്‍ ഇത് കേരളത്തിലെ മാത്രം വിഷയമായതിനാല്‍ കേരളാ ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ബോബ്‌ദെ പറഞ്ഞു. സംവരണ ലിസ്റ്റിലെ പാകപ്പിഴമൂലം മുസ്‌ലിംകള്‍ക്ക് അര്‍ഹമായ സംവരണം നഷ്ടമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് സുപ്രിംകോടതിയെ സമീപിച്ചത്.
മണ്ഡല്‍ കേസിലെ സുപ്രിംകോടതി ഉത്തരവ് പ്രകാരം ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണ ലിസ്റ്റ് പുനഃപരിശോധിക്കണം. വേണ്ടത്ര പ്രാതിനിധ്യം നേടിയ വിഭാഗത്തെ ഒഴിവാക്കി കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കി പ്രശ്‌നപരിഹാരം കാണണമെന്നും സുപ്രിംകോടതി നിര്‍ദേശമുണ്ട്. എന്നാല്‍ 1992ലെ സുപ്രിംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.
നിലവിലുള്ള റൊട്ടേഷന്‍ പ്രകാരം ആറാമത്തെ പോസ്റ്റില്‍ മാത്രമേ മുസ്‌ലിംകള്‍ക്ക് നിയമനമുള്ളൂ. ഇത് മുസ്‌ലിംകള്‍ക്ക് അര്‍ഹിക്കുന്ന അവസരം ഇല്ലാതാക്കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സുപ്രിംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ അടുത്തയാഴ്ച തന്നെ ഹരജി സമര്‍പ്പിക്കുമെന്ന് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി. കെ ബീരാന്‍ സുപ്രഭാതത്തോട് പറഞ്ഞു. ഹരജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള തടസ്സം സുപ്രിംകോടതി നിര്‍ദേശത്തോടെ നീങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഹുസൈബ് അഹമ്മദി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."