പയ്യന്നൂരില്‍ രണ്ടു പേര്‍ക്ക് മലേറിയ; അഞ്ചു പേര്‍ക്ക് മന്ത് രോഗ ലക്ഷണം
പയ്യന്നൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ അഞ്ച് പേര്‍ക്ക് മന്ത് രോഗത്തിന്റെ ലക്ഷണം സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയ ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പെരുമ്പ ചിറ്റാരി കൊവ്വലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് മന്ത് രോഗ ലക്ഷണം കണ്ടെത്തിയത്. രാജസ്ഥാനില്‍ നിന്നു കമ്പിളി പുതപ്പ് വില്‍ക്കാനെത്തിയ രണ്ട് പേര്‍ക്കാണ് മലേറിയ.
കഴിഞ്ഞ മാസം 28നാണ് പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചത്. വിദഗ്ധ പരിശോധനയിലാണ് മന്ത് രോഗം ഉള്‍പ്പെടെ സ്ഥിരീകരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ മരുന്നുകള്‍ നല്‍കിത്തുടങ്ങി. എന്നാല്‍ രക്തസാമ്പിള്‍ ശേഖരിച്ചവരില്‍ ചിറ്റാരി കൊവ്വലില്‍ ഇപ്പോള്‍ മൂന്ന് പേര്‍ മാത്രമാണുള്ളത്. താമസം മാറിപ്പോയ രണ്ട് പേര്‍ക്കുകൂടി മരുന്ന് എത്തിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭാഗങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താനാണ് ആരോഗ്യ വകുപ്പ്. അസ്വഭാവിക ചുറ്റുപാടും പനി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിട്ടുമാറാതെ വരികയോ ചെയ്താല്‍ വിവരം അറിയിക്കണമെന്ന നിര്‍ദേശവും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. കരിമ്പനി വ്യാപകമായി കാണപ്പെടുന്ന ഒഡീഷയില്‍ നിന്നും സമീപ സംസ്ഥാനത്തു നിന്നും വരുന്നവരെ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാനും നിര്‍ദേശമുണ്ട്. രോഗം പരത്തുന്ന പ്രത്യേകതരം ഈച്ചകളുടെ മുട്ടകള്‍ വസ്ത്രത്തില്‍ പറ്റിപ്പിടിച്ച് അത് കേരളത്തിലെത്താനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യം വിഭാഗം ജീവനക്കാര്‍ പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കൂടുതലായി മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."