നിരോധനം പേരില്‍മാത്രം; കൊച്ചിയില്‍ പുകവലിക്കാര്‍ വര്‍ധിക്കുന്നു
കൊച്ചി: പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം വന്നിട്ട് 17 വര്‍ഷങ്ങള്‍ പിന്നുടുമ്പോള്‍ കൊച്ചി നഗരത്തില്‍ പുകവലിക്കാരുടെ എണ്ണം വര്‍ധിക്കുന്നതായാണെന്ന് റിപ്പോര്‍ട്ടുകള്‍. ബസ് സ്റ്റാന്‍ഡ്, ഓട്ടൊ സ്റ്റാന്‍സ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവ പുകവലിക്കാരുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
പൊതു വഴികളില്‍ പോലും സിഗരറ്റുപോലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും ഏറെയാണ്. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാനും ഇക്കൂട്ടര്‍ക്ക് പിഴ ചുമത്താനും പൊലിസിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ നിലവിലുണ്ടെങ്കിലും ഇവര്‍ നിഷ്‌ക്രിയരായത് ഇക്കൂട്ടര്‍ക്ക് ഗുണം ചെയ്യുന്നു.
അടുത്തിടെ ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം നഗരത്തിലെ കോളജ് വിദ്യാര്‍ഥികളില്‍ 16 ശതമാനം പേര്‍ പുകവലി ശീലമുള്ളവരാണ്. ഇതില്‍ 35 ശതമാനം പേര്‍ ദിവസേന പുവലിക്കുന്നവരാണ്. പ്രതിദിനം ഒരു പാക്കറ്റ് സിഗരറ്റ് വലിക്കുന്നവരും ഇക്കുട്ടത്തിലുണ്ട്. ഇവരില്‍ ഭൂരിപക്ഷത്തിനും പ്രിയം സിഗരറ്റിനോട് തന്നെയാണ്. ഏഴ് വയസു മുതല്‍ സിഗരറ്റിന്റെ ഉപയോഗം തുടങ്ങിയവരാണ് ഇവരില്‍ അധികവും. പൊതു സ്ഥലങ്ങളിലെ പുകവലി നിരോധനത്തെ ഇവര്‍ അനുകൂലിക്കുന്നുമില്ല. സിഗരറ്റ് കൂടാതെ ബീഡി, ചരുട്ട് എന്നിവ ഉപയോഗിക്കുന്നവരുമുണ്ട്. കൂടാതെ ഇലക്‌ട്രോണിക് സിഗരറ്റുകളും വ്യാപകമാണ്. യു.എസ്.ബി വഴി ചാര്‍ജ് ചെയ്യാന്‍ കഴിയുന്നവയാണ് ഇലക്‌ട്രോണിക് സിഗരറ്റുകള്‍ അഥവാ ഇ സിഗരറ്റുകള്‍.
പുകഞ്ഞു തീരില്ല, ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കും എന്നീ ഗുണവശങ്ങള്‍ ഇവയ്ക്ക് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ഫുള്‍ ഫ്‌ളവേര്‍ഡ്, ലൈറ്റ്, അള്‍ട്രാ ലൈറ്റ് തുടങ്ങിയ മോഡലുകളില്‍ ഇവ ലഭ്യമാണ്. ഫുള്‍ ഫ്‌ളവേര്‍ഡില്‍ 18 മില്ലി ഗ്രാം, ലൈറ്റില്‍ 12 മില്ലി ഗ്രാം, അല്‍ട്രാ ലൈറ്റില്‍ ആറ് മില്ലിഗ്രാം എന്നിങ്ങിനെയാണ് നിക്കോട്ടിന്റെ അളവ്.
പുകവലിമുലം വലിക്കുന്നവനുമാത്രമല്ല സമിപത്ത് നില്‍ക്കുന്നവര്‍ക്കും ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാകുന്നുണ്ട്. സിഗരറ്റ് വലിക്കുന്നയാളേക്കാള്‍ ദുഷ്യമാണ് ഇയാള്‍ പുറത്തേക്ക് വിടുന്ന പുക ശ്വസിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളാണ് ഇതുമൂലമുണ്ടാകുന്നത്. ഗര്‍ഭിണികള്‍ ഈ പുക ശ്വസിക്കുന്നതുമൂലം ഗര്‍ഭസ്ഥ ശിശുവിനും രോഗബാധയുണ്ടാകും. ഇതെല്ലാം മുന്നില്‍കണ്ടാണ് 1999 ജൂലൈ 12ന് പുവലി നിരോധിച്ചുകൊണ്ടുള്ള സുപ്രധാനമായ വിധി കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. ഉത്തരവ് ഇറങ്ങിയ സമയത്ത് പരിശോധനകളും പിഴയടപ്പിക്കലുകളും കൃത്യമായി നടന്നെങ്കിലും പിന്നിടങ്ങോട്ട് ഇതെല്ലാം പ്രഹസനമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."