മഞ്ചേരി മെഡിക്കല്‍ കോളജ് അംഗീകാരം: സമരം ശക്തമാക്കാനുറച്ച് വിദ്യാര്‍ഥികള്‍
മഞ്ചേരി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറിന്റെ മെല്ലെപ്പോക്കു നയം വെല്ലുവിളി തീര്‍ക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ഹൗസ് സര്‍ജന്‍സിയില്‍ ഏര്‍പെട്ട വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ശക്തമാക്കുന്നു. ഹൗസ് സര്‍ജന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ സര്‍വീസ് നിര്‍ത്തിവെച്ചു സമരം ചെയ്തു. ഹൗസ് സര്‍ജന്റുമാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ എം.പി ശശിയെ നാല് മണിക്കൂര്‍ ഉപരോധിക്കുകയും ചെയ്തു.
ഒപിയിലെ സൗകര്യക്കുറവു പരിഹരിക്കുക, റഡിഡന്റ് ഡോക്ടര്‍മാരുടെ കുറവു നികത്തുക, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുകള്‍, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുക എന്നിവ ആവശ്യപ്പെട്ടാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗം ഒഴികെയുള്ള മുഴുവന്‍ സേവനങ്ങളും ബഹിഷ്‌കരിച്ചു.
രാവിലെ 10ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പ്രകടനമായി എത്തിയ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് ഉപരോധിക്കുകയായിരുന്നു. അടുത്ത ഏഴിനകം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ രേഖാമൂലം ഉറപ്പുനല്‍കിയതോടെ ഉച്ചക്ക് 2.30ഓടെ ഉപരോധ സമരം അവസാനിപ്പിച്ചെങ്കിലും ഓഫീസ് വരാന്തയില്‍ വൈകുന്നേരം വരെ വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരവുമായി എത്തിയ ഹൗസ് സര്‍ജന്‍സ്മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മറ്റു വിദ്യാര്‍ഥികളും രംഗത്തെത്തിയതോടെയാണ് പ്രിന്‍സിപ്പാള്‍ ഏഴിനകം നിര്‍മാണ പ്രവൃത്തി ആരംഭിക്കാമെന്ന ഉറപ്പു നല്‍ കാന്‍ തയാറായത്. അതേ സമയം ഏഴിന് നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയില്ലെങ്കില്‍ എട്ടു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്റെ തീരുമാനം.
സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പ് മന്ത്രിയും പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നു പോലും പ്രവര്‍ത്തി ആരംഭിക്കാതിരുന്നതാണ് മഞ്ചേരി മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) യുടെ അംഗീകാരമാണ് തടസപ്പെടാന്‍ ഇടയാക്കിയത്. അംഗീകാരം വീണ്ടെടുക്കാനായില്ലെങ്കില്‍ കോളജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവരുടെ റജിസ്‌ട്രേഷനും ഉപരിപഠനവും പ്രതിസന്ധിയിലാകും. ഹൗസ് സര്‍ജന്‍സി കഴിയുന്നവര്‍ ഉപരിപഠനത്തിനു സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും.
ഇതോടെയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച് അംഗീകാരത്തിനായി വീണ്ടും എം.സി.ഐക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ഉപരോധ സമരത്തിന് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റോണി വര്‍ക്കി ജോണ്‍, മിന്ന ബസാനിയ, എ.സി.കഫിയ, ശരത്.കെ.ശശി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."