കാസര്‍കോട്-മധൂര്‍, കാസര്‍കോട്-സീതാംഗോളി റൂട്ടില്‍ 26മുതല്‍ സ്വകാര്യ ബസ് സമരം
കാസര്‍കോട്: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വിസില്‍ പ്രതിഷേധിച്ച് കാസര്‍കോട്-മധൂര്‍, കാസര്‍കോട്- സീതാംഗോളി റൂട്ടില്‍ 26 മുതല്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തും. ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്ന് നടുവൊടിഞ്ഞിരിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത നഷ്ടത്തിലേക്കു സമാന്തര സര്‍വിസ് തള്ളിവിടുന്നുവെന്നാണ് ബസുടമകള്‍ പറയുന്നത്. സ്വകാര്യബസ് വ്യവസായത്തെ തകര്‍ക്കുന്ന സമാന്തര സര്‍വിസിനെതിരേ നടപടി വേണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടികളില്ലാത്തതിനാല്‍ പ്രതിഷേധിച്ചാണ് 26 മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്.
ഡീസല്‍ വില വര്‍ധനവുകാരണം സ്വകാര്യ ബസ് വ്യവസായത്തിനുമേല്‍ പ്രതിദിനമുണ്ടായ 2000 രൂപയിലധികം അധിക ബാധ്യതക്കു മേലെയാണ് ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വിസ് മൂലം വലിയ വരുമാന നഷ്ടം ഈ റൂട്ടില്‍ ഉണ്ടാകുന്നത്.
ഈ റൂട്ടുകളിലെ ബസുകളിലെ യാത്രക്കാരില്‍ 80 ശതമാനത്തോളം വിദ്യാര്‍ഥികളുമാണ്. ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പോലും വരുമാനം തികയാത്ത അവസ്ഥയിലാണെന്നാണ് ബസുടമകള്‍ പറയുന്നത്. തുടര്‍ന്നാണ് 26മുതല്‍ അനിശ്ചികാല പണിമുടക്കിനൊരുങ്ങുന്നത്. ഈ റൂട്ടില്‍ സ്വകാര്യബസുടമകള്‍ 26 മുതല്‍ സമരം ആരംഭിക്കുന്നതോടെ ഒളയത്തുടുക്ക, മധൂര്‍ മദനദന്തേശ്വരി ക്ഷേത്രം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെ ബാധിക്കും. കാസര്‍കോട്ടുനിന്നു സീതാംഗോളിയിലേക്കുള്ള ബസുകള്‍ ഓട്ടം നിര്‍ത്തുന്നതോടെ നിരവധി മേഖലകളിലെ യാത്രക്കാര്‍ ഒറ്റപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."