പി.വി അന്‍വറിന്റെ തടയണ പൊളിച്ച് വെള്ളം തുറന്നുവിട്ടു തുടങ്ങി
നിലമ്പൂര്‍: നിയമംലംഘിച്ച് കാട്ടരുവിക്കു കുറുകെ പണിത പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ചീങ്കണ്ണിപ്പാലിയിലെ തടയണയുടെ ഒരു വശം പൊളിച്ച് വെള്ളം തുറന്നുവിട്ടു തുടങ്ങി.
പത്തുദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വെള്ളം തുറന്നുവിട്ടത്. ഇന്ന് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ വെള്ളം പൂര്‍ണമായും തുറന്നുവിട്ട് സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുന്നതിന് കലക്ടര്‍ 10 ദിവസത്തെ സാവകാശംകൂടി തേടും. നിലവില്‍ അടിത്തട്ടില്‍ നാലു മീറ്ററും മുകളില്‍ 25 മീറ്ററും വീതിയിലാണ് തടയണപൊളിച്ചത്.
അടിത്തട്ടില്‍ ആറുമീറ്റര്‍ തുറക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. തടയണ തുറന്നഭാഗത്തെ ചെളി നീക്കിയ ശേഷം ആറു മീറ്റര്‍ വ്യാസത്തില്‍ തുറക്കാനാണ് തീരുമാനം. ദൗത്യം ഇന്നും തുടരും.
തടയണപൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കലക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാന്‍ ഹൈക്കോടതി 14ന് ഉത്തരവിട്ടത്. മണ്ണു നീക്കം ചെയ്തു തുടങ്ങിയതോടെ തടയണപൊളിക്കാന്‍ ആരംഭിച്ച 21ന് തന്നെ ദൗത്യത്തിന് നേതൃത്വം നല്കിയ ഏറനാട് തഹസില്‍ദാര്‍ സി. ശുഭനെ സ്ഥലം മാറ്റിയതും വിവാദത്തിനിടയാക്കിരുന്നു.
പരാതി ഉയര്‍ന്നതോടെ തഹസില്‍ദാരുടെ സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ 26ന് പി.വി അന്‍വര്‍ എം.എല്‍.എ തടയണപൊളിക്കുന്ന സ്ഥലത്തെത്തുകയും നടപടിക്കെതിരേ സുപ്രിംകോടതിയില്‍ പോകുമെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."