ചെല്ലാനം- ചേരുങ്കല്‍ പാലത്തിനായുള്ള അവശ്യം ശക്തമാവുന്നു
തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തിലെ ചേരുങ്കല്‍ നിവാസികള്‍ മറുകരയായ ചെല്ലാനത്തേക്ക് കടക്കാന്‍ പാലത്തിനായുള്ള ആവശ്യം ശക്തമാവുന്നു. അഞ്ഞൂറിലധികം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്.
നിത്യ ആവശ്യങ്ങള്‍ക്കായി കടത്തുവള്ളങ്ങളിലാണ് ഇവര്‍ മറുകര കടക്കുന്നത്. കാലവര്‍ഷത്തിലെ കടത്തുവഞ്ചി യാത്ര ഏറെ ദുരിതം നിറഞ്ഞതാണ്. വിദ്യാര്‍ഥികള്‍ അടക്കം നൂറുക്കണക്കിന് യാത്രക്കാരാണ് ദിവസവും സഞ്ചരിക്കുന്നത്. പാലം നിര്‍മിക്കണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പാലം യാഥാര്‍ഥ്യമായാല്‍ തെക്കേ ചെല്ലാനം നിവാസികള്‍ക്ക് ചേരുങ്കല്‍ എഴുപുന്ന വഴി ദേശീയപാതയില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും. കോടംതുരുത്തിനെ ചെല്ലാനം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചെല്ലാനം - ചേരുങ്കല്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. പാലം വരുന്നിടത്ത് റോഡുകള്‍ പൂര്‍ത്തിയായെങ്കിലും പാലം നിര്‍മാണം ഇപ്പോഴും നടന്നിട്ടില്ല.
ആലപ്പുഴ-എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണിത്. കോടംതുരുത്ത് പഞ്ചായത്തില്‍ ചങ്ങരം തുടങ്ങി കടത്തു വരെയുള്ള റോഡും ചെല്ലാനം മാളികപറമ്പ് പൊഴിച്ചിറ വരെയുള്ള റോഡും പൂര്‍ത്തിയായിരിക്കുകയാണ്.ഇരു റോഡുകളും കഴിഞ്ഞ ഭരണത്തിലെ കൊച്ചി-അരൂര്‍ എം.എല്‍.എ.മാരുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചത്. ഇരുപഞ്ചായത്തുകളുമായി ബന്ധിപ്പിക്കണമെങ്കില്‍ ഏകദേശം അമ്പത് മീറ്ററോളം നീളമുള്ള പാലം നിര്‍മിക്കണം. ജനകീയാവശ്യം പരിഗണിച്ച് ചേരുങ്കല്‍- ചെല്ലാനം പാലം നിര്‍മിക്കാന്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും തയാറാകണമെന്ന പ്രദേശവാസികളുടെ അവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."