ഉത്തരകൊറിയയെ അമേരിക്ക ഭയപ്പെടുന്നു
ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉത്തരകൊറിയയുടെ മണ്ണില്‍ കാലുകുത്തിയിരിക്കുന്നു. ലോകം മുഴുവന്‍ അത്ഭുതത്തോടെ കണ്ട ഈ സന്ദര്‍ശനത്തിനു പിന്നില്‍ എന്തായിരിക്കുമെന്നാണു ചരിത്രകുതുകികള്‍ അതീവ വിസ്മയത്തോടെ അന്വേഷിക്കുന്നത്.
1950 മുതല്‍ 1953 വരെ നീണ്ടുനിന്ന ഉത്തര-ദക്ഷിണ കൊറിയന്‍ യുദ്ധത്തോടെ അമേരിക്കയുടെ കഠിനശത്രുവാണ് ഉത്തരകൊറിയ, ദക്ഷിണ കൊറിയ മിത്രരാഷ്ട്രവുമായി. ഇതു പലപ്പോഴും യുദ്ധത്തിന്റെ വക്കില്‍ വരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചു. വന്‍ സൈനികശക്തിയായ അമേരിക്കയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉത്തരകൊറിയ ശിശു മാത്രമാണെങ്കിലും സ്വഭാവത്തിലും നടപടികളിലും തീര്‍ത്തും പക്വതയില്ലാത്ത ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എങ്ങനെ പ്രതികരിക്കുമെന്ന ഭയം എക്കാലത്തും അമേരിക്കയെ പോരാട്ടത്തില്‍നിന്നു പിന്തിരിപ്പിക്കുകയായിരുന്നു. രാസായുധങ്ങളും ആണവായുധങ്ങളും ഒരു വീണ്ടുവിചാരവുമില്ലാതെ പ്രയോഗിക്കാന്‍ മടിയില്ലാത്ത ഭരണാധികാരിയാണ് ഉന്‍.
കുറച്ചുനാള്‍ മുന്‍പ് കടുത്ത സൈനികാക്രമണങ്ങളുടെ വക്കോളമെത്തുംമട്ടില്‍ ഇരു രാഷ്ട്രനേതാക്കളും വാക്‌പോര് നടത്തിയിരുന്നു. എന്നാല്‍, പെട്ടെന്നാണ് അമേരിക്ക തികച്ചും വ്യത്യസ്തമായ സമാധാന ദൗത്യവുമായി രംഗത്തിറങ്ങിയത്. അതു പല ഘട്ടങ്ങളിലായി പുരോഗമിച്ചു. അണ്വായുധ നിരായുധീകരണം സംബന്ധിച്ചു ട്രംപും കിം ജോങ് ഉന്നും സിംഗപ്പൂരില്‍ വച്ചും വിയറ്റ്‌നാമില്‍ വച്ചും ചര്‍ച്ച നടത്തി. രണ്ടു പ്രസിഡന്റുമാരും അന്യോന്യം പുകഴ്ത്തുകയും ചെയ്തു ഇതിനിടക്ക്.
എന്നാല്‍, സംയുക്ത പ്രസ്താവനകളും പുകഴ്ത്തലുകളും നടത്തിയതല്ലാതെ ഇതുവരെ ഒരു കരാറിലൊപ്പിടാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കും കഴിഞ്ഞില്ല. എന്നു മാത്രമല്ല, ചില ഘട്ടങ്ങളില്‍ കഠിനശത്രുത ദ്യോതിപ്പിക്കുന്ന ഇകഴ്ത്തലുകളും പരസ്പരമുണ്ടായി. കിമ്മിനെ കുറിയ റോക്കറ്റെന്നു ട്രംപ് പരസ്യമായി അപഹസിക്കുകയും ചെയ്തു. ഇതോടെ ഇരു രാജ്യങ്ങളും പഴയ ശത്രുതയിലേയ്ക്കു മടങ്ങുമോയെന്നു ലോകം ആശങ്കപ്പെട്ടിരിക്കുകയായിരുന്നു.
ഇതിനിടയിലാണ്, എല്ലാവരെയും അത്ഭുതപ്പെടുത്തി ട്രംപ് ഉത്തരകൊറിയയില്‍ എത്തുകയും കിമ്മുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നത്. ഇതു ഭീതികൊണ്ടുതന്നെയാണ് എന്നാണു നിരീക്ഷകര്‍ കരുതുന്നത്.
കിമ്മിന്റെ കൈയില്‍ നിര്‍വീര്യമാക്കപ്പെടാതെ കിടക്കുന്ന അണ്വായുധങ്ങളുണ്ട് എന്ന ഭീതി അമേരിക്കയ്ക്കുണ്ട്. തങ്ങള്‍ ആക്രമിക്കാന്‍ തുനിയുമെന്നു തോന്നിയാല്‍ കിം ആദ്യം എടുത്തുപയോഗിക്കുക സര്‍വനാശകാരിയായ അണ്വായുധങ്ങള്‍ തന്നെയായിരിക്കും. മറ്റൊരു ഭരണാധികാരിയെയും പോലെ കണ്ണുമടച്ചു വിശ്വസിക്കാന്‍ കഴിയുന്നയാളല്ല കിം എന്ന് ട്രംപിനു നന്നായി അറിയാം.
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചയ്ക്കു പിന്നാലെ ആണവനിലയങ്ങള്‍ നശിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു കിം ചില സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു. ആയുധനിര്‍മാണ ശാലകളാണു സ്‌ഫോടനങ്ങളില്‍ തകര്‍ന്നതെന്നായിരുന്നു ഉത്തരകൊറിയയുടെ വാദം. അത് ട്രംപ് വിശ്വസിക്കുന്നില്ല. അതിനാലായിരുന്നു വിയറ്റ്‌നാമില്‍ നടന്ന കിം-ട്രംപ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഉത്തരകൊറിയയ്ക്കു മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ ട്രംപ് തയാറായതുമില്ല. പൊളിഞ്ഞുപോയ ചര്‍ച്ചയ്ക്കു ശേഷം ട്രംപ് കിമ്മിനെ കാണാനെത്തണമെങ്കില്‍ ഭയം തന്നെയാകണം കാരണം.
ജി 20 ഉച്ചകോടിയില്‍ ജപ്പാനിലില്‍ കഴിയവെയാണ് ഉത്തരകൊറിയ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നു ട്രംപ് ട്വീറ്റ് ചെയ്തത്. തുടര്‍ന്നെല്ലാം വളരെ വേഗത്തിലാണു സംഭവിച്ചത്. ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ട്രംപ് നേരെ ദക്ഷിണ കൊറിയയിലെത്തി. അതിനിടയില്‍ കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു. ദക്ഷിണകൊറിയയില്‍നിന്നു നേരേ ഉത്തരകൊറിയ അതിര്‍ത്തിയിലുള്ള സൈന്യമില്ലാ ഭൂമിയിലേയ്ക്ക്. അപ്പോഴേക്കും കിമ്മും അവിടെ എത്തിയിരുന്നു. ട്രംപിന്റെ കൈപിടിച്ചാണ് കിം ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേയ്ക്ക് ആനയിച്ചത്. അവിടെ വച്ചായിരുന്നു ചര്‍ച്ച.
ചര്‍ച്ച ചെയ്ത വിഷയങ്ങളെന്തായിരുന്നെന്നു വ്യക്തമല്ല. എങ്ങുമെത്താതെപോയ അണ്വായുധ നിരോധന കരാര്‍ സംബന്ധിച്ചു തുടര്‍ചര്‍ച്ച നടത്തിക്കൂടേയെന്നു ചോദിക്കാന്‍ തന്നെയാണു ലോക പൊലിസിന്റെ അമരക്കാരന്‍ ഉത്തരകൊറിയയുടെ പടിവാതില്‍ക്കലെത്തിയതെന്നു തന്നെ അനുമാനിക്കണം. ഇറാനെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാതെ പരുങ്ങുകയാണ് അമേരിക്ക. അതിനിടയില്‍ ഉത്തരകൊറിയയെന്ന ശിരസിനു മുകളിലെ വാള്‍ പേടിസ്വപ്നം തന്നെയായിരിക്കും.
ട്രംപിനെപ്പോലെയോ മോദിയെപ്പോലെയോ ലോകസഞ്ചാരിയല്ല കിം. അത്യപൂര്‍വമായേ അദ്ദേഹം ഉത്തരകൊറിയ വിട്ടു പോകാറുള്ളൂ. അതു തികച്ചും കൃത്യമായ ലക്ഷ്യത്തോടെയായിരിക്കും. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം ചൈനയിലേക്ക് നടത്തിയ ട്രെയിന്‍ യാത്ര ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെയായിരുന്നു കിം ചൈനയില്‍ പോയത്. ചൈനയുടെ സുഹൃദ്‌രാഷ്ട്രമാണ് ഉത്തരകൊറിയ. ചൈനയുടെ സമ്മതത്തോടെയാണ് ഉത്തരകൊറിയ രണ്ടു പ്രാവശ്യവും അമേരിക്കയുമായി ചര്‍ച്ച നടത്തിയത്. അതിനാലായിരിക്കണം വൈറ്റ് ഹൗസിന്റെ കവാടങ്ങള്‍ എപ്പോഴും താങ്കള്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുമെന്നു ട്രംപ് പറഞ്ഞിട്ടും കിം പ്രത്യേകിച്ചൊന്നും പറയാതിരുന്നത്.
ഉത്തരകൊറിയ വീണ്ടും പുതിയ മിസൈലുകള്‍ വികസിപ്പിക്കുന്നുവെന്ന ആരോപണം കഴിഞ്ഞവര്‍ഷം അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം ഉയര്‍ത്തിയിരുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്‌യാങ്ങിലെ സനുംഡോങ് മിസൈല്‍ നിര്‍മാണകേന്ദ്രത്തില്‍ പണികള്‍ നടക്കുന്നത് അമേരിക്ക കണ്ടെത്തിയിരുന്നു.
അമേരിക്കയുടെ അതീവ സുരക്ഷാ മേഖലയായ പെന്റഗണ്‍ വരെ എത്താവുന്ന മിസൈലുകള്‍ ഉത്തരകൊറിയയുടെ കൈവശമുണ്ടെന്ന വിവരം അമേരിക്കയുടെ ഉറക്കം കെടുത്തുന്നതാണ്. ഈ ഭീഷണി സൈനികശക്തികൊണ്ട് ഇല്ലാതാക്കാനാകില്ലെന്ന് അമേരിക്കയ്ക്ക് അറിയാം.
അപ്പോള്‍ തിരഞ്ഞെടുക്കാവുന്ന മാര്‍ഗം പ്രീണനത്തിന്റേതാണ്. ഇതുകൊണ്ടു തന്നെയാകണം രണ്ടു പ്രാവശ്യം നടന്ന ചര്‍ച്ച പരാജയപ്പെട്ടിട്ടും കഠിനശത്രുവിനെ കാണാന്‍ ട്രംപ് ഓടിച്ചെന്നത്. ഈ കൂടിക്കാഴ്ചയിലൂടെ ലോകപൊലിസ് മൂക്കുകൊണ്ട് ക്ഷ വരച്ചുവെന്നത് ചരിത്രസംഭവം തന്നെയല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."