ഇന്ന് 5420 പേര്‍ക്ക് കൊവിഡ്: 4693 പേര്‍ക്ക് സമ്പര്‍ക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഉറവിടം അറിയാത്ത 592 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 52പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 59983 സാമ്പിളുകള്‍ പരിശോധിച്ചു. 5149 പേര്‍ രോഗമുക്തരായി.
മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 59,52,883 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
മഹാമാരി ലോകത്ത് മറ്റ് പ്രദേശങ്ങളില്‍ വ്യാപിച്ചത് എങ്ങനെയെന്ന അനുഭവം പ്രധാനമാണ്. പലയിടത്തും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനമുണ്ടായി. ഇത് രൂക്ഷവുമായിരുന്നു. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തില്‍ ജാഗ്രതയില്‍ വീഴ്ച സംഭവിക്കുന്നതും ആളുകള്‍ അടുത്ത് ഇടപഴകുമ്പോഴുമാണ് രോഗം ഉച്ഛസ്ഥായിയില്‍ എത്തുന്നത്. അതുകൊണ്ട് ജനം ശ്രദ്ധ കൈവിടരുത്.
യൂറോപ്പിലും അമേരിക്കയിലുമുണ്ടായ രണ്ടാം തരംഗത്തിന്റെ പഠനത്തില്‍, രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളുമാണ്. ഈ ഘട്ടത്തില്‍ കേരളത്തില്‍ വലിയ ശ്രദ്ധ കൊടുക്കണം. നിയന്ത്രണങ്ങളും മുന്‍കരുതലും പാലിക്കാതെ വലിയ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കും.
അടച്ചിട്ട എ.സി മുറികളില്‍ അകലമില്ലാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ഹോട്ടലുകളില്‍ ആളുകള്‍ തിങ്ങിനിറയാതെ കട നടത്തിപ്പുകാര്‍ നോക്കണം. വഴിയോര ഭോജനശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ല.
ഏറ്റവും കൂടുതല്‍ ഭക്ഷണ ശാലകളുള്ള സ്ഥലമാണ് കേരളം. അടുത്ത തരംഗത്തിന്റെ കേന്ദ്രമായി ഹോട്ടലുകള്‍ മാറിയേക്കും. അതിന് ഇടവരുത്തരുത്. ജാഗ്രതയോടെ മാത്രമേ ഹോട്ടലുകള്‍ നടത്താനും അവിടം സന്ദര്‍ശിക്കാനും പോകാവൂ.
പ്രായാധിക്യവും മറ്റ് രോഗാവസ്ഥയും ഉള്ളവരിലാണ് രോഗം മാരകമാവുന്നത്. ഇത് കരുതലോടെ മുന്നോട്ട് കൊണ്ടുപോകണം. എല്ലാവരും ഇത് ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."