പാലായ്ക്കു പോകല്ലേ!
ജോസ് കെ. മാണിയെ കണ്ടു പിന്തുണ അറിയിക്കാന്‍ പാലായ്ക്കു തന്നെ പോകണോ. വേണമെന്നില്ല, പാലയില്‍ പോയാലും ജോസ് കെ. മാണിയെ കാണാനും പിന്തുണയറിയിക്കാനും പറ്റും.
പാലായ്ക്കു പോകുന്നവര്‍ മാളയ്ക്കു പകരം മാളായിലും ളാഹയ്ക്കു പകരം ളാഹായിലും ആലയ്ക്കു പകരം ആലായിലും ചാലയ്ക്കു പകരം ചാലായിലും പോകണമെന്നു വാശി പിടിക്കുന്നില്ലല്ലോ. ഇവയെല്ലാം ശരിയെങ്കില്‍ പാലയും ശരി തന്നെ.
വാക്കുകള്‍ക്കു പിന്നില്‍ അനാവശ്യമായി ദീര്‍ഘം ചേര്‍ക്കുന്നതു മലയാളിയുടെ ദൗര്‍ബല്യമാണ്. കേരളാ സര്‍ക്കാര്‍, കേരളാ കോണ്‍ഗ്രസ് എന്നെല്ലാം എഴുതിയാലേ നാം തൃപ്തരാവൂ.
പ്രയോഗാല്‍ സാധുതയെന്ന മാനദണ്ഡമനുസരിച്ചാണ് പാല പാലായായതെങ്കില്‍ അത്തരം സാധുതയെ തള്ളിക്കൊണ്ടു തടസ്സം(തടസ്ഥം), ശിപാര്‍ശ (ശുപാര്‍ശ), മുന്നാക്കം (മുന്നോക്കം), പിന്നാക്കം (പിന്നോക്കം), വിമ്മിട്ടം (വിമ്മിഷ്ടം) എന്നിങ്ങനെ എത്രയെത്ര ശരിരൂപങ്ങളെ നാം മാമോദീസ മുക്കിയെടുത്തിരിക്കുന്നു.
സ്ഥല ഉത്പത്തി (ഉല്‍പത്തിയും ശരി, ഉല്പത്തി തെറ്റ്) മുതല്‍ പാലായ്ക്കു ദീര്‍ഘമുണ്ടെന്നു പഴമക്കാര്‍ തര്‍ക്കിച്ചേക്കാം. പാലയുടെ പ്രിയ കവി പാല നാരായണന്‍ നായര്‍ പോലും തൂലികാനാമമായി സ്വീകരിച്ചതു പാലായെന്നാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. അനാവശ്യ ദീര്‍ഘത്തില്‍ നിന്നു 'പാല'യ്ക്കു മോചനം നല്കാന്‍ (നല്‍കുക തെറ്റ് ) പുതുതലമുറ മാധ്യമപ്രവര്‍ത്തകരോ എഴുത്തുകാരോ മുന്‍കൈയെടുത്താല്‍ നന്ന്.
രക്തരൂക്ഷിതം
പ്രമുഖപത്രത്തിന്റെ പ്രധാനവാര്‍ത്തയില്‍ രണ്ടിടത്തു 'രക്തരൂക്ഷിത വിപ്ലവം' കണ്ടപ്പോള്‍ രക്തം തിളച്ചു. രാത്രി ശുഭമുഹൂര്‍ത്തം നോക്കി പത്രമോഫിസിലേയ്ക്കു വിളിച്ചു. വാര്‍ത്ത കൈകാര്യം ചെയ്ത ദേഹത്തെത്തന്നെ കിട്ടി. പയ്യനാണ്. വിവരം പറഞ്ഞു, ഭവ്യതയോടെ: ''ഇന്നത്തെ പത്രത്തിലെ ഒന്നാം പേജ് പ്രധാനവാര്‍ത്തയില്‍ രണ്ടിടത്തു രക്തരൂക്ഷിതം എന്ന പ്രയോഗം കണ്ടു.''
''അതിലെന്താണു കുഴപ്പം'' മര്യാദയുടെ മേമ്പൊടി പോലുമില്ലാത്ത മറുപടി.
''രക്തരൂഷിതമെന്നാണു ശരിയായ പദം''
''രക്തരൂക്ഷിതവും ശരിതന്നെയാണു മിസ്റ്റര്‍''
നാവിറങ്ങിപ്പോയി. സാങ്കേതികമായി മാത്രമല്ല ഭാഷാപരമായും മാധ്യമരംഗത്തു വിപ്ലവം നടക്കുന്നു.
സമവായം
കുറേനാളായി മാധ്യമങ്ങളില്‍ (ചാനലുകളുള്‍പ്പെടെ) സമവായചര്‍ച്ചകള്‍ കണ്ടും കേട്ടും ജനം അമ്പരന്നിരിക്കുകയാണ്. രാഷ്ട്രനേതാക്കള്‍ പങ്കെടുക്കുന്ന സമവായ ചര്‍ച്ചകളാണ് ഏറെയും. സമവായത്തിനു കൂട്ടം, സമൂഹം, അടുപ്പം, കലര്‍പ്പ്, സംയോഗം എന്നീ അര്‍ഥങ്ങളേയുള്ളൂ. സമന്വയമെന്ന പദം ഉപയോഗിക്കേണ്ടിടത്താണു മാധ്യമങ്ങള്‍ സമവായമെന്നു തെറ്റായി പ്രയോഗിക്കുന്നത്.
സമന്വയം = സംയോജിപ്പിക്കല്‍, ക്രോഡീകരിക്കല്‍, ക്രമീകരണം. സമന്വയിക്കുക എന്നാല്‍ ഒരുമിച്ചു ചേര്‍ക്കുക എന്നര്‍ഥം. രാഷ്ട്രനേതാക്കള്‍ സമന്വയത്തിനല്ലേ ശ്രമിക്കൂ.
അവധാനം
ശ്രദ്ധ, ശ്രദ്ധിക്കല്‍, മനസ്സിരുത്തല്‍ തുടങ്ങിയവയാണ് അവധാനത്തിന്റെ അര്‍ഥം. എന്നാല്‍, പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ അവധാനതയെന്നേ പ്രയോഗിക്കൂ.
അവധാനത പോലെ അവര്‍ക്കിഷ്ടപ്പെട്ടതാണ് അനവധാനതയും. വേഗം(വേഗത), ജാള്യം(ജാള്യത), ജാഗ്രത്ത് (ജാഗ്രത), കാര്‍ക്കശ്യം (കാര്‍ക്കശ്യതി), നിരര്‍ഥം(നിരര്‍ഥത) എന്നിങ്ങനെ 'ത' ചേര്‍ത്തെഴുതുന്നത് ഇന്നു പരിഷ്‌കാരമായിരിക്കുന്നു (വലയത്തില്‍ കൊടുത്തത് തെറ്റായ രൂപം).
അനുധാവനം
വീട്ടില്‍ വന്ന അതിഥി മടങ്ങുമ്പോള്‍ നിങ്ങള്‍ അനുധാവനം ചെയ്യേണ്ട, അനുയാത്ര ചെയ്താല്‍ മതി. അനുധാവനമെന്നാല്‍ പുറകേ ഓടുക എന്നര്‍ഥം. ശുചീകരണം എന്നും അര്‍ഥമുണ്ട്. അനുയാത്രയ്ക്ക് കൂടെപ്പോവുക, പുറകേ പോവുക എന്നീ അര്‍ഥം.
അധികരിക്കുക
''അധികരിച്ച റേഷന്‍ കിട്ടിയില്ല'' എന്നു പരാതി പറയുമ്പോള്‍ അധികരിക്കുക എന്നതിനു വര്‍ധിച്ച, അധികമാവുക എന്നീ അര്‍ഥങ്ങള്‍ ഇല്ലെന്നറിയുക. ആസ്പദമാക്കി എന്നേ ആ പദത്തിനര്‍ഥമുള്ളൂ. ഉദാ: 'ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ അധികരിച്ച് ഉപന്യാസമെഴുതുക.'
ഗജവീരന്‍
ഉത്സവത്തിന് ഒരാന മാത്രമേ എഴുന്നള്ളിപ്പിനുള്ളൂവെങ്കില്‍ ഗജവീരന്‍ എന്നു വിശേഷിപ്പിക്കുന്നതിനു മുമ്പ് അതു കൊമ്പനാണെന്നു തിട്ടം വരുത്തണം.
ഗജവീരന്മാര്‍ എന്നു പറയുന്നതിനു മുമ്പ് സംഘത്തില്‍ പിടിയാന ഇല്ലെന്നും ഉറപ്പു വരുത്തണം.
തൊട്ടുകൂട്ടാന്‍:
പാല്‍ പായസത്തെക്കാള്‍ രുചി പാല്‍പ്പായസത്തിനായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."