നാണംകെട്ട് അബ്ദുല്ലക്കുട്ടിയുടെ പരിണാമം
തിങ്കളാഴ്ച പ്രധാനമന്ത്രിയെ ഓഫിസില്‍ ചെന്നു കണ്ടു സംസാരിച്ചതിന്റെ 'ഭാഗ്യ'സ്മരണ മുഖപുസ്തകത്തില്‍ എ.പി അബ്ദുല്ലക്കുട്ടി പ്രകാശിപ്പിച്ചതിന്റെ ആദ്യനിമിഷം മുതല്‍ അയാള്‍ക്കു കിട്ടിയ പ്രതികരണം മതി പ്രബുദ്ധകേരളത്തിന്റെ രാഷ്ട്രീയ വകതിരിവ് അളന്നു തിട്ടപ്പെടുത്താന്‍.
'......തനിക്കു പറ്റിയതു ചാണോക്കുഴി തന്നെ. ഗോധ്ര കലാപത്തിനുള്ള ഉപഹാരം കൂടെ കൊടുത്തോടായിരുന്നോ അഴകിയ കുട്ടീ'
'.....സാരമില്ല ഉപയോഗശൂന്യമായ സാധനങ്ങള്‍ ആക്രിക്കച്ചവടക്കാര്‍ എടുക്കും. ആക്രിക്കച്ചവടക്കാര്‍ക്കു വേണ്ടാതാകുമ്പോള്‍ കുപ്പത്തൊട്ടിയിലിടും.' എന്നു തുടങ്ങി അതിലും വളരെ കടുത്ത രീതിയിലായിരുന്നു പ്രതികരണങ്ങള്‍.
ഒരു അനുയായിയെപ്പോലും സി.പി.എമ്മില്‍നിന്നു കോണ്‍ഗ്രസിലേയ്ക്കു കൂടെക്കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല അബ്ദുല്ലക്കുട്ടിക്ക്. ഇപ്പോള്‍, അതേപോലെ കോണ്‍ഗ്രസില്‍നിന്ന് ഒരാളെയും കൈപിടിക്കാനില്ലാതെയാണു ബി.ജെ.പിയിലേയ്ക്കു ചേക്കേറിയിരിക്കുന്നത്.
അഞ്ചാമത് ഇന്റര്‍നാഷനല്‍ യോഗ ദിനത്തില്‍ ദുബൈ സബീല്‍ പാര്‍ക്കില്‍ അബ്ദുല്ലക്കുട്ടി പങ്കാളിയായിരുന്നു. കോണ്‍സുല്‍ ജനറല്‍ വിപുല്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ പ്രവാസികള്‍ക്കൊപ്പം പങ്കെടുത്തശേഷം നേരേ ഡല്‍ഹിയില്‍ എത്തുകയായിരുന്നു. ലോകത്തിലെ നാനാ രാജ്യക്കാര്‍ പങ്കെടുത്ത സബീല്‍ പാര്‍ക്കിലെ യോഗ വേദിയുടെ മാഹാത്മ്യം മോദിയോട് അബ്ദുല്ലക്കുട്ടി വിവരിച്ചു. 2015 ല്‍ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അഖിലോക യോഗ ദിനമാക്കിയതു മോദിയുടെ രാഷ്ട്രതന്ത്രജ്ഞതയുടെ ചരിത്രവിജയം തന്നെയെന്നും അത്ഭുതം പ്രകടിപ്പിച്ചു.
മംഗളൂരുവില്‍ ഭാര്യയുടെ ക്ലിനിക്ക് കേന്ദ്രീകരിച്ച് അവിടെ താമസമാക്കിയ അബ്ദുല്ലക്കുട്ടി കര്‍ണാടകയില്‍ രാഷ്ട്രീയജീവിതം പച്ചപിടിപ്പിക്കാമെന്നായിരിക്കും കരുതിയിരുന്നത്. എന്നാല്‍, ഇത്തരമൊരാളെ കേരളത്തിലേയ്ക്കാണു വേണ്ടതെന്ന നിലപാടിലാണു സംഘ്പരിവാര്‍. കേരളത്തില്‍ അബ്ദുല്ലക്കുട്ടിയെ ന്യൂനപക്ഷ മോര്‍ച്ചയുടെ മുന്നില്‍ നിര്‍ത്തി കിട്ടാവുന്ന മുസ്‌ലിം നാമധാരികളെ ഒപ്പിച്ചെടുക്കാമെന്നാണു സംഘ്പരിവാറിന്റെ മോഹം.
തന്റെ മതവിശ്വാസത്തിനു സി.പി.എം വില കല്‍പ്പിക്കുന്നില്ലെന്നു പറഞ്ഞു ആ പാര്‍ട്ടി വിട്ടു പുറത്തു വന്നയാള്‍ക്കു സംഘ്പരിവാറില്‍ നിന്നുകൊണ്ട് ഏതു വിശ്വാസം പുലര്‍ത്താന്‍ കഴിയുമെന്ന ചോദ്യം സ്വാഭാവികം. കോണ്‍ഗ്രസിലായ കാലത്തു ദീനും ദുനിയാവുമൊക്കെ വേഷത്തിലും കര്‍മത്തിലും പുലര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സമുദായത്തില്‍ ചില വേദികള്‍ കിട്ടിയിരുന്നു.
ഇനി അത്തരം വേദികള്‍ കിട്ടുമെന്നു പ്രതീക്ഷിക്കേണ്ടതില്ലല്ലോ. ഈ നിലയില്‍ കാവിവല്‍കൃത നാമധാരീവേഷത്തിനപ്പുറം ഒന്നും അബ്ദുല്ലക്കുട്ടിക്കു പ്രതീക്ഷിക്കാനാവില്ല.
സി.പി.എമ്മില്‍ കോടിയേരി ബാലകൃഷ്ണന്റെ നോമിനിയായാണു അബ്ദുല്ലക്കുട്ടി രണ്ടുതവണ ലോക്‌സഭയിലെത്തുന്നത്. എന്നാല്‍, വി.എസ്, പിണറായി വിഭാഗീയഘട്ടത്തില്‍ വി.എസ് വീക്ഷണത്തെ പുല്‍കി പുകഞ്ഞ കൊള്ളികളിലൊന്നായി. പാര്‍ട്ടിയില്‍ വി.എസിന്റെ സുവര്‍ണകാലം അസ്തമിക്കുന്നതു കണ്ടു മറ്റു പലരും കളംമാറി നില ഭദ്രമാക്കിയപ്പോള്‍ അബ്ദുല്ലക്കുട്ടി സ്ഥലകാല ബോധമില്ലാതെ നട്ടം തിരിഞ്ഞു.
ഒടുവില്‍ ജില്ലാ കമ്മിറ്റിയില്‍നിന്നു പുറത്തായി. ഈ ഘട്ടത്തില്‍ സി.പി.എമ്മില്‍നിന്നു പുറത്തുചാടാന്‍ തന്നെയാണു അന്ന് ഗള്‍ഫില്‍ പോയി മോദിയുടെ ഗുജറാത്ത് മോഡല്‍ വ്യവസായനയത്തെ വാഴ്ത്തിയത്. മോദിയുടെ ഗുജറാത്തിലേയ്ക്കു സംരംഭകര്‍ പോകുന്നതിന്റെ മാതൃക കേരളം കണ്ടുപഠിക്കണമെന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ നിര്‍ദേശം. ഗോധ്ര സംഭവശേഷം മോദിയുടെ കൈകള്‍ രക്തപങ്കിലമാണെന്നു വ്യക്തമാകുകയും മോദിക്കു കേരളത്തില്‍ ഊരുവിലക്കു വേണമെന്നു സി.പി.എം ധീരമായി പ്രഖ്യാപിക്കുകയും ചെയ്ത ഘട്ടത്തിലായിരുന്നു ഈ വാഴ്ത്തല്‍.
സി.പി.എമ്മിനെതിരായ അസ്ത്രമെന്നതിനപ്പുറം ആ മോദീപ്രശംസയെ യു.ഡി.എഫില്‍ ചിലര്‍ക്ക് അളക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിംലീഗ് നേതൃത്വമാണ് ഇക്കാര്യത്തില്‍ അന്നു ധീരമായ നിലപാടു സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലയുടെ സാഹചര്യത്തില്‍ സി.പി.എമ്മിനെതിരേ കിട്ടിയ ആയുധമായി മാത്രം അവര്‍ കണ്ടു. കോണ്‍ഗ്രസിലേയ്ക്കു പോകുന്നതിനേക്കാള്‍ ലീഗിലേയ്ക്കു പോകാനുള്ള ശ്രമം നടന്നിരുന്നുവെന്ന് അന്നു സംസാരമുണ്ടായിരുന്നു. പക്ഷേ, മോദിയുടെ ഗുജറാത്തിനെ വാഴ്ത്തിയ ഒരാളെ വേണ്ടെന്ന പാണക്കാട്ടെ വിലക്കിനു മുന്നില്‍ അതു നടന്നില്ലെന്നാണു കേള്‍വി. അതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നു വലിയ കളങ്കം ലീഗ് ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു.
കെ. സുധാകരന്റെ തണലിലാണു കോണ്‍ഗ്രസില്‍ പുതുമുഖമായ അബ്ദുല്ലക്കുട്ടി രണ്ടുതവണ എം.എല്‍.എയായത്. കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടിയിലേ ഇതു സംഭവിക്കൂ. മോദീസ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുമെന്നു നേതാക്കള്‍ പറഞ്ഞപ്പോള്‍ തന്നെ എവിടെനിന്നു പുറത്താക്കാനാണെന്നു അബ്ദുല്ലക്കുട്ടി തിരിച്ചുചോദിച്ചപ്പോഴാണ് ഒരു പദവിയുമില്ലാത്തയാളാണല്ലോ ഇത്രയും ഉയര്‍ന്ന വേദികളിലൊക്കെ എത്തിയതെന്ന അത്ഭുതകരമായ സത്യം കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞത്.
ആര്‍ക്കും എപ്പോഴും കയറി വരാനും ഏതു സമയത്തും ഇറങ്ങിപ്പോകാനും പറ്റുന്ന പാര്‍ട്ടിയാണിതെന്ന യാഥാര്‍ഥ്യം അപ്പോഴാണു കോണ്‍ഗ്രസുകാര്‍ മനസിലാക്കിയത്. സുധാകരന്റെ കണ്ണൂരിലെ പരമാധികാരത്തിനിടയിലും മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ തുടങ്ങിയ പലരും അബ്ദുല്ലക്കുട്ടിയെ ഉള്‍ക്കൊണ്ടിരുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതൊന്നും അബ്ദുല്ലക്കുട്ടിയുടെ ഉയര്‍ച്ചയ്ക്കു വിഘാതമായില്ല.
അബ്ദുല്ലക്കുട്ടിയുടെ മോദീസ്തുതി വന്നപ്പോള്‍ കെ.പി.സി.സി നിര്‍വാഹകസമതി അംഗവും ജനശ്രീ കണ്ണൂര്‍ ജില്ലാ ചെയര്‍മാനുമായ ചന്ദ്രന്‍ തില്ലങ്കേരി മുഖപുസ്തകത്തില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു:
'...........കണ്ണൂര്‍ എസ്.എന്‍ കോളജിലെ വിദ്യാര്‍ഥിയായിരിക്കെ ഇന്ദിരാഗാന്ധിയെ അഭിസാരികയെന്നും യക്ഷിയെന്നും വിളിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസംഗം എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നു. അവിടെയും താങ്കള്‍ സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ എസ്.എന്നിലെ കെ.എസ്.യുക്കാര്‍ തിരിച്ചടിച്ചതും ഞാനും ലതീഷ് ഭരതനും താങ്കളും പ്രദീപും ജില്ലാ ആശുപത്രിയില്‍ കിടന്നതും നല്ല ഓര്‍മയുണ്ട് ...'
ഇത്തരത്തില്‍ പഴയ വിദ്യാര്‍ഥികാല ഓര്‍മ നന്നായുള്ള പലരുമാണ് ഡ.സി.സിയെയും യൂത്ത് കോണ്‍ഗ്രസിനെയും കണ്ണൂരില്‍ ഇന്നു നയിക്കുന്നത്. ആ പഴയ കാലങ്ങളിലെ ഓര്‍മകളെല്ലാം മറന്നുകൊണ്ടാണ് അബ്ദുല്ലക്കുട്ടിയെ അവര്‍ ആദരിച്ചു നടത്തിയിരുന്നത്. അവരുടെ കരണത്തടിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി.
കണ്ണൂര്‍ ജില്ലാകോണ്‍ഗ്രസില്‍ നിന്നോ കെ.പി.സി.സിയില്‍ നിന്നോ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന പരാതിയാണ് അബ്ദുല്ലക്കുട്ടി മുന്നില്‍വയ്ക്കുന്നത്. കോണ്‍ഗ്രസില്‍ ഒരു പദവിയുമില്ലാതെ ഇത്രത്തോളം പരിഗണിക്കപ്പെട്ട മറ്റൊരാള്‍ കണ്ണൂരിലില്ലെന്നതാണു വാസ്തവം. യഥാര്‍ഥ പ്രശ്‌നം അബ്ദുല്ലക്കുട്ടിയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന പാര്‍ലിമെന്ററി വ്യാമോഹമാണ്.
കഴിഞ്ഞതവണ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സീറ്റ് കിട്ടിയില്ല. സി.പി.എം വിട്ടുവന്നപ്പോള്‍ രക്ഷകനായിരുന്ന സുധാകരനുമായി തെറ്റിയപ്പോള്‍ സിറ്റിങ് എം.എല്‍.എ സ്ഥാനം നിലനിര്‍ത്താനായില്ല. എ ഗ്രൂപ്പില്‍ നിന്നെത്തിയ സതീശന്‍ പാച്ചേനിക്കാണു സീറ്റ് കിട്ടിയത്. പകരം മത്സരിച്ചതു തലശേരിയില്‍. എ.എന്‍ ഷംസീറില്‍നിന്നു വന്‍തോല്‍വി ഏറ്റുവാങ്ങി.
പാച്ചേനി കടന്നപ്പള്ളിയോടു ദയനീയമായി തോറ്റെങ്കിലും പിന്നീട് കണ്ണൂര്‍ ഡി.സി.സി അധ്യക്ഷനായി. അബ്ദുല്ലക്കുട്ടിക്കു റോളൊന്നുമില്ലാതായി. ഇതിനുശേഷം നടന്ന പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ അബ്ദുല്ലക്കുട്ടിയുടെ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലും സുധാകരന്റെ വരവോടെ ആദ്യലിസ്റ്റില്‍ നിന്നുതന്നെ പുറത്തായി.
കെ.സി വേണുഗോപാലുമായുള്ള അടുപ്പം വഴി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നെങ്കിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വഴിമുടക്കി. അതിനുശേഷം പ്രാദേശിക നേതാവിന്റെ റോളിലേയ്ക്കു ചുരുങ്ങി. അതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു പേരിനു മാത്രമുള്ള പ്രവര്‍ത്തനമേ അബ്ദുല്ലക്കുട്ടി നടത്തിയുള്ളൂ. ഉന്നത നേതാക്കള്‍ വരുമ്പോള്‍ മുന്‍നിരയിലുണ്ടാകുമെന്നല്ലാതെ മറ്റു നേതാക്കളെപ്പോലെ തെരഞ്ഞെടുപ്പില്‍ രാപകല്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായിരുന്നില്ല.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കുത്തകയാക്കി വച്ചിരുന്ന മുല്ലപ്പള്ളിയെ തുരത്താന്‍ സി.പി.എം തുറന്നുവിട്ട യുവഭൂതമായിരുന്നു അബ്ദുല്ലക്കുട്ടി. 1996 ല്‍ മുല്ലപ്പള്ളിയില്‍ നിന്നു കണ്ണൂര്‍ പിടിച്ചെടുത്ത അബ്ദുല്ലക്കുട്ടി രണ്ടാമൂഴത്തിലും മുല്ലപ്പള്ളിയെ അടിയറവു പറയിച്ചു. ഇതോടെ അത്ഭുതക്കുട്ടിയായി വാഴ്ത്തപ്പെട്ടു. അതേ മുല്ലപ്പള്ളി തന്നെ ഇപ്പോള്‍ കെ.പി.സി.സിയുടെ അധ്യക്ഷനെന്ന നിലയില്‍ അബ്ദുല്ലക്കുട്ടിയെ പുറത്താക്കിയത് കാലത്തിന്റെ വിധി.
കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തില്‍ ടി.പി മൊയ്തീന്റെയും എ.പി സൈനബയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായ അബ്ദുല്ലക്കുട്ടി നാറാത്തും കമ്പിലും മുസ്‌ലിം അന്തരീക്ഷത്തിലാണു വളര്‍ന്നതെങ്കിലും കോളജ് ജീവിതത്തിനിടയിലാണു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മുന്നണിയിലെത്തിയത്. മുസ്‌ലിം ഗ്രാമത്തില്‍ മതപാരമ്പര്യങ്ങളെ ചോദ്യം ചെയ്തു പള്ളി മദ്‌റസയില്‍നിന്ന് 'പുരോഗമന' ചിന്തയിലേയ്ക്കു പ്രവേശിച്ചു 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കുകയായിരുന്നു'വെന്ന് അബ്ദുല്ലക്കുട്ടി ഒരു കാലം സമുദായത്തെ നോക്കി പറഞ്ഞിരുന്നു.
എസ്.എഫ്.ഐയുടെ 'ചുടുയൗവന'മായിരുന്ന കാലത്താണത്. പിന്നീട് പരിശുദ്ധ ഉംറ നിര്‍വഹിച്ചും പള്ളിയും നിസ്‌കാരവുമൊക്കെയായി മതാചാരങ്ങളിലേയ്ക്കു മടങ്ങുന്നതിനിടയിലാണ് മോദിയുടെ ഗുജറാത്ത് മോഡല്‍ പ്രസംഗം. അങ്ങനെ സി.പി.എം പുറത്താക്കി. ആ പശ്ചാത്തലമെല്ലാം അരിച്ചുപെറുക്കി ആത്മകഥയാക്കിയ അബ്ദുല്ലക്കുട്ടി തന്റെ പുസ്തകത്തിനു നല്‍കിയ തലക്കെട്ട് 'നിങ്ങളെന്നെ കോണ്‍ഗ്രസാക്കി'യെന്നാണ്. കോണ്‍ഗ്രസില്‍ നിന്നു പുറത്തായതാടെ ഇനി എഴുതാന്‍ ഒന്നേയുള്ളു. 'ഞാന്‍ എന്നെത്തന്നെ തെരുവിലാക്കി'യെന്ന്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."