ചെങ്കല്‍ ക്വാറികളുടെ സമരം: നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്
ബോവിക്കാനം: ചെങ്കല്‍ ക്വാറികള്‍ ആരംഭിച്ച സമരം മൂന്നുദിവസം പിന്നിട്ടതോടെ നിര്‍മാണ മേഖല സ്തംഭനത്തിലേക്കും തൊഴിലാളികള്‍ പട്ടിണിയിലേക്കും നീങ്ങുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 23മുതലാണ് ഒരാഴ്ചത്തേക്ക് ചെങ്കല്‍ ക്വാറികള്‍ പൂട്ടി ഉടമകള്‍ സമരം തുടങ്ങിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ വന്‍ തോതില്‍ വില കുറച്ചു ചെങ്കലുകള്‍ വില്പന നടത്തുന്നതുകാരണം ലക്ഷക്കണക്കിനു രൂപ ജിയോളജി ഫീസും മറ്റു ലൈസന്‍സ് ഫീസുകളും അടച്ചു പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് പിടിച്ചു നില്ക്കാന് പറ്റാത്ത അവസ്ഥയിലാണെന്നാണ് ഉടമകള്‍ പറയുന്നത്.
മണല്‍ ലഭിക്കാത്തതിനാല്‍ മാസങ്ങളായി പ്രതിസന്ധി നേരിടുന്ന നിര്‍മാണ മേഖല ക്വാറി സമരം മൂലം പൂര്‍ണമായും സ്തംഭനത്തിലായിരിക്കുകയാണ്.
ചെങ്കല്ല് ലഭിക്കാതായതോടെ പുതിയ കെട്ടിടങ്ങളും വീടും നിര്‍മിക്കുന്നവര്‍ പണി പാതിവഴിയില്‍ നിര്‍ത്തിയിടേണ്ട അവസ്ഥയിലാണ്. ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, ചെങ്കല്‍ കയറ്റിറക്കുകാര്‍, തട്ടുകാര്‍, മോട്ടോര്‍ ഓപറേറ്റര്‍മാര്‍ എന്നിവയിലെ ജീവനക്കാരെല്ലാം ജോലിയില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. ചെങ്കല്‍ ക്വാറികളില്‍ ഇതര സംസ്ഥാന ജീവനക്കാരാണ് കൂടുതല്‍ പണിയെടുക്കുന്നത്. ക്വാറികള്‍ അടച്ചതോടെ ഇവരുടെ സ്ഥിതിയും ദുരിതമാണ്.
കെട്ടിട നിര്‍മാണ മേഖല സ്തംഭിച്ചതോടെ ഈ മേഖലയിലെ ദിവസക്കൂലിക്കാര്‍ക്കും ജോലി ഇല്ലാതായിരിക്കുകയാണ്.
ചെങ്കല്‍ ക്വാറികളുടെ സമരം ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."