ഇബ്‌റാഹീംകുഞ്ഞിനെ ചോദ്യം ചെയ്യലിനായി വിട്ടുകൊടുക്കാനാവില്ലെന്ന് വിജിലന്‍സ് കോടതി
കൊച്ചി/ മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞിനെ ഇപ്പോഴത്തെ അവസ്ഥയില്‍ ചോദ്യം ചെയ്യലിനായി വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാവില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി.
ഇബ്‌റാഹീംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കാന്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.
അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന അര്‍ബുദരോഗമാണ് ഇബ്‌റാഹീം കുഞ്ഞിനെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. മള്‍ട്ടിപ്പിള്‍ മൈലോമാ എന്ന രോഗം പിടിപെട്ടതോടെ എല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. കഠിനമായ വേദനയും കൈക്ക് ശേഷിക്കുറവുമുണ്ട്. ഇതിനായി റേഡിയേഷന്‍ ചികിത്സ നല്‍കുന്നുണ്ട്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും കീമോതെറാപ്പി ചെയ്യുന്നുണ്ട്.
നവംബര്‍ 19നാണ് അവസാനമായി കീമോതെറാപ്പി നല്‍കിയത്.
ഡിസംബര്‍ മൂന്നിനു വീണ്ടും നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ വി.പി ഗംഗാധരന്റെ ചികിത്സയിലാണ് ഇപ്പോള്‍ ഇബ്‌റാഹീംകുഞ്ഞ്. 2020 ഏപ്രില്‍ നാലു മുതല്‍ 2020 നവംബര്‍ 14 വരെ 33 പ്രാവശ്യം ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സ നടത്തിയിട്ടുണ്ട്. ആശുപത്രിയിലെ കേസ് ഷീറ്റ് വിശദമായി പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും മെഡിക്കല്‍ സംഘം വിശദീകരിക്കുന്നുണ്ട്.
ഇന്നലെ പ്രത്യേക ദൂതന്‍ വഴി ഡി.എം.ഒ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ തുറന്ന കോടതിയില്‍ വായിച്ചെങ്കിലും പകര്‍പ്പ് ഇരുവിഭാഗത്തിനും നല്‍കാന്‍ തയാറായില്ല. നിലവിലുള്ള ആശുപത്രിയില്‍ ചികിത്സ തുടരാന്‍ സൗകര്യമൊരുക്കണമെന്ന് ഇബ്‌റാഹീംകുഞ്ഞിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാന്‍ നിയമതടസമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
നിലവില്‍ അദ്ദേഹത്തിനു ചികിത്സ നല്‍കാന്‍ കഴിയുന്ന സര്‍ക്കാര്‍ ആശുപത്രികളുണ്ടോ എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒയോട് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും ഇന്ന് കോടതി വീണ്ടും വാദം കേള്‍ക്കും.
ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ. അനിത ചെയര്‍മാനായ ഏഴ് വിദഗ്ധ ഡോക്ടര്‍മാരുടെ സമിതിയാണ് കഴിഞ്ഞദിവസം ഇബ്‌റാഹീംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."