ഭൂമിതരംതിരിച്ചതിലെ പാകപ്പിഴവ് തിരുത്തിയില്ല; സ്വപ്നഭവനം പൂവണിയാനാകാതെ ആയിരങ്ങള്‍
പട്ടാമ്പി: ഭൂമി തരം തിരിച്ചതിലെ പാകപ്പിഴവ് തിരുത്തി പുതിയ വിജ്ഞാപനം ചെയ്യാനുള്ള ഉത്തരവ് മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പാലിക്കാത്തതിനാല്‍ വീടെന്ന സ്വപ്നം പൂവണിയിക്കാനാകാതെ സാധാരണക്കാര്‍. പുതുക്കിയ വിവരങ്ങള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടുള്ള അവസാന തിയ്യതി ഈ മാസം 31 ആണ്.
2008 ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവയുടെ അതിര്‍ത്തിക്കുള്ളില്‍ സര്‍വെ നടത്തിയിരുന്നു. അതനുസരിച്ച് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മറ്റ് ഭൂമിയും തരംതിരിച്ച് ഡാറ്റാ ബാങ്ക് തയ്യാറാക്കി. കൃഷി ഓഫിസര്‍മാരും കണ്‍വീനര്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷന്മാരുമായ പ്രാദേശിക നിരീക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഡാറ്റാ ബാങ്ക് തയ്യാറാക്കല്‍ നടന്നത്.
എന്നാല്‍ ഇങ്ങനെ തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ വ്യാപകമായ തെറ്റുകളും അബദ്ധങ്ങളും കടന്നുകൂടിയതോടെ സാധാരണക്കാരുടെ വീടെന്ന സ്വപ്നഭൂമിക്കും തിരിച്ചടിയായി. സ്ഥലപരിശോധന നടത്താതെയും ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിക്കാതെയും റവന്യുരേഖകളെ മാത്രം ആശ്രയിച്ച് തയ്യാറാക്കിയ ഡാറ്റാബാങ്കാണ് പൊല്ലാപ്പായി മാറിയിരിക്കുന്നത്.
ഇത് മൂലം വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തെറ്റുകള്‍ തിരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ കഴിഞ്ഞ ഏപ്രില്‍ 25 ന് വീണ്ടും ഉത്തരവ് ഇറക്കിയിരുന്നു.
പ്രാദേശിക നിരീക്ഷണസമിതി വീണ്ടും ചേര്‍ന്ന് പുതുക്കിയ വിവരങ്ങള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം. ഇതിന് നല്‍കിയ അവസാന തിയതി ഞായറാഴ്ച അവസാനിക്കാനിരിക്കെ വീടുവെക്കാന്‍ അഞ്ചുസെന്റ് പോലും നികത്താനാവാതെ സാധാരണക്കാര്‍ നെട്ടോട്ടമോടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."