പട്ടയഭൂമി പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം വേണം
പ്രകൃതിയോടും വന്യമൃഗങ്ങളോടും പടവെട്ടി ജീവിതം നയിക്കുന്നവരാണ് കര്‍ഷക ജനത. തുടര്‍ച്ചയായ വിളനാശവും വില തകര്‍ച്ചയും ഇന്ന് കര്‍ഷകരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയിരിക്കുന്നു. കേരളത്തിലെ കര്‍ഷകരില്‍ ഏറെയും മലയോരത്താണ്. അവരില്‍ കൂടുതലും കുടിയേറ്റക്കാരോ സര്‍ക്കാര്‍ നല്‍കിയ പട്ടയ ഭൂമിയില്‍ കൃഷി ചെയ്തു ജീവിക്കുന്നവരോ ആണ്. കൃഷിയിടങ്ങള്‍ വനാതിര്‍ത്തികള്‍ പങ്കിടുന്നതാകയാല്‍ കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ വിളകള്‍ക്കും മനുഷ്യ ജീവനും ഉയര്‍ത്തുന്ന വെല്ലുവിളികളേറെ. കാര്‍ഷികവൃത്തിയിലൂടെ മാത്രം ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമി മറ്റു ചില കാര്യങ്ങള്‍ക്കുകൂടി വിനിയോഗിച്ചു. ചെറിയ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും ഇടത്തരം ക്വാറികളും ഇത്തരം കാര്‍ഷിക ഭൂമിയില്‍ ഉയര്‍ന്നു. ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍ മുതല്‍ റബര്‍ ഉല്‍പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറികള്‍ വരെ ഈ നിര്‍മാണങ്ങളില്‍പെടും. എന്നാല്‍, പട്ടയ ഭൂമിയില്‍ വീടൊഴികെയുള്ള ഇത്തരം നിര്‍മാണങ്ങള്‍ നടത്തിയവരെയെല്ലാം ആശങ്കപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി വിധി.
ഭൂപതിവു നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രിംകോടതി ശരിവച്ചിരിക്കുകയാണ്. ഇത് തങ്ങള്‍ക്ക് ലഭിച്ച ഭൂമിയില്‍ വീടൊഴികെ ചെറുതും വലുതുമായ പല കെട്ടിടങ്ങള്‍ നിര്‍മിക്കുകയും അതിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ടു ജീവിതം ഒരുവിധം തള്ളിനീക്കുകയും ചെയ്തിരുന്ന നിരവധി പേരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഇത്തരം കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണങ്ങളുടെ പട്ടികയില്‍ വരുമെന്നതിനു പുറമേ, സുപ്രിംകോടതി ഉത്തരവിലൂടെ, സംസ്ഥാനത്തെ ആയിരക്കണക്കിന് പട്ടയങ്ങള്‍ അസാധുവാകുന്ന സ്ഥിതിവിശേഷമാണ് ഒരര്‍ഥത്തില്‍ നിലനില്‍ക്കുന്നത്. ഭൂപതിവു നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അത്തരം പട്ടയങ്ങള്‍ അസാധുവാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പട്ടയഭൂമി കൃഷിക്കും വീടിനും അനുബന്ധ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥ. ഇക്കാര്യം നിയമസഭ അംഗീകരിച്ച് നിയമമാക്കിയതാണ്. ഈ വ്യവസ്ഥപ്രകാരമാണ് സംസ്ഥാനത്തെമ്പാടും കൈവശ ഭൂമിക്കും പുറമ്പോക്ക് ഭൂമിക്കും പട്ടയം നല്‍കിയിരുന്നത്. എന്നാല്‍ പട്ടയ ഭൂമിയില്‍ ഉപജീവനത്തിനായി വീടൊഴികെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചിലയിടത്തെങ്കിലും അധികൃതരുടെ മൗനാനുവാദത്തോടെയും അല്ലാതെയും നടന്നിരുന്നു.
മൂന്നാറിലും മറ്റും വ്യാപകമായി നടന്ന കൈയേറ്റങ്ങളെ തുടര്‍ന്ന് ഒരു പരിസ്ഥിതി സംഘടന 2010ല്‍ ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് തുടക്കം. തുടര്‍ന്ന് ഭൂപതിവു നിയമപ്രകാരം മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ട് വില്ലേജുകളില്‍ വീട് ഒഴികെയുള്ള നിര്‍മാണം ഹൈക്കോടതി നിരോധിച്ചു. എന്നാല്‍, സംസ്ഥാനത്തെയൊട്ടാകെ ബാധിക്കുന്ന വിഷയത്തില്‍ എട്ട് വില്ലേജുകളില്‍ മാത്രം നിരോധനമെന്നതു വീണ്ടും കോടതിക്കു മുന്‍പിലെത്തി. നാലു മാസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നിയമഭേദഗതി പരിഗണനയിലാണെന്നല്ലാതെ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെട്ടില്ല. തുടര്‍ന്നാണ് നിയമം കേരളം മുഴുവന്‍ നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം, ഭൂമി പതിച്ചുനല്‍കുമ്പോള്‍ കേരളത്തില്‍ എവിടെയാണെങ്കിലും എന്താവശ്യങ്ങള്‍ക്കാണെന്ന് പരിശോധിച്ചശേഷമേ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കെട്ടിട പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വേണമെന്നും നിര്‍ദേശിച്ചു. റവന്യൂ ഭൂമി പതിച്ചുനല്‍കുന്നതിനുള്ള 1964ലെ ഭൂപതിവു നിയമത്തിലെ ചട്ടം ഭേദഗതി ചെയ്ത് ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ സര്‍ക്കാരിനാകുമായിരുന്നെങ്കിലും അതിനു ശ്രമിക്കാതെ ഇടുക്കിയില്‍ മാത്രം നിയമം കര്‍ശനമാക്കിക്കൊണ്ട് 2019 ഓഗസ്റ്റില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നിയമസഭ പാസാക്കിയ നിയമത്തെ മറികടന്നായിരുന്നു ഈ ഉത്തരവ്. കോടതിയുടെ മുന്‍പിലെത്തുമ്പോള്‍ ഉത്തരവിന്റെ നിയമസാധുതയെകുറിച്ച് റവന്യൂ വകുപ്പിന് ധാരണയുണ്ടായിരുന്നില്ലെന്നു കരുതാനാവില്ല.
വ്യവസ്ഥകളും ചട്ടങ്ങളും കേരളമാകെ നടപ്പാക്കിയാല്‍ അല്‍പം മാത്രം ഭൂമിയുള്ളവരെയും ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആദ്യം മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലും പിന്നീട് ഇടുക്കിയിലെ ഏഴ് വില്ലേജുകളിലും മാത്രം നടപ്പാക്കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍ മുന്നോട്ടുപോയത്. മറ്റ് ജില്ലകളിലുള്ള ആയിരക്കണക്കിന് പട്ടയഭൂമിക്കാരെ ബാധിക്കാതിരിക്കാനായിരുന്നു ഈ നടപടിയെങ്കിലും ഇപ്പോള്‍ സുപ്രിംകോടതി വിധിയിലൂടെ സര്‍ക്കാരിനത് തിരിച്ചടിയായി.
1977ന് മുന്‍പ് കൈവശമുള്ള ഭൂമിക്കാണ് സംസ്ഥാനത്ത് പട്ടയം നല്‍കി വരുന്നത്. വീടുവച്ചു താമസിക്കുന്നതിനും മറ്റ് ജോലിയൊന്നുമില്ലാത്തവര്‍ക്ക് കൃഷി ചെയ്തു ജീവിക്കുന്നതിനുമാണ് പട്ടയങ്ങള്‍ നല്‍കുന്നത്. പരമാവധി നാലേക്കര്‍ ഭൂമിക്കാണ് പട്ടയം നല്‍കുക. ഇപ്പോള്‍ അധികവും ഒരേക്കര്‍ മുതല്‍ അതില്‍ താഴെയുള്ള ഭൂമിക്കാണ് പട്ടയങ്ങള്‍ നല്‍കുന്നത്. ഭൂമിയുടെ ദൗര്‍ലഭ്യതയെ തുടര്‍ന്ന് നഗരങ്ങളിലുള്ള പുറമ്പോക്ക് ഭൂമിക്കും പട്ടയം നല്‍കി. ഇത്തരം ചെറുതും വലുതുമായ ഭൂമിയിലെല്ലാം വീട് അല്ലാത്ത 20 ലക്ഷത്തോളം കെട്ടിടങ്ങളുണ്ടെന്നാണ് കണക്ക്. സുപ്രിംകോടതി ഉത്തരവോടെ ഇത്രയും കെട്ടിടങ്ങള്‍ ഒന്നുകില്‍ പൊളിച്ചു നീക്കുകയോ അല്ലെങ്കില്‍ കെട്ടിടങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയുടെ പട്ടയങ്ങള്‍ അസാധുവാക്കുകയോ ചെയ്യും. ഇത്തരം ഒരു സ്ഥിതിവിശേഷമുണ്ടായാല്‍ അത് കേരളത്തിലുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നം ചെറുതായിരിക്കില്ല. മൂന്നാറിലെ വിവാദമായ 'രവീന്ദ്രന്‍ പട്ടയം' ലഭിച്ചവരുടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചതുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ നമുക്കു മുന്‍പിലുണ്ട്.
ഭൂപ്രശ്‌നങ്ങളുടെ വിപത്ത് മുന്‍പില്‍കണ്ടു പതിവു ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നുവെന്നത് ആശ്വാസകരമാണ്. എന്നാല്‍, ഇതിനൊട്ടും കാലതാമസം ഉണ്ടാവരുത്. 2019 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് നിയമഭേദഗതി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. എന്നാല്‍, 11 മാസം കഴിഞ്ഞിട്ടും ഉത്തരവ് ഇറങ്ങിയില്ലെന്നു മാത്രമല്ല ഈ കാലതാമസം കോടതി വിധിയിലൂടെ സര്‍ക്കാരിനുതന്നെ കുരുക്കായിരിക്കുകയുമാണ്.
പട്ടയഭൂമി കൃഷിക്കും വീടു നിര്‍മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കും മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ ഇടുക്കി ജില്ലയ്ക്ക് മാത്രം ബാധകമാക്കി ഭൂപതിവു ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാരില്‍ ധാരണയായിരിക്കുന്നത്. റവന്യൂ ഭൂമി പതിച്ചുനല്‍കുന്നതിനുള്ള 1964ലെ ഭൂപതിവു നിയമത്തിലെ ചട്ടം ഭേദഗതി ചെയ്തു മാത്രമേ നിലവിലെ സാഹചര്യം മറികടക്കാനാവൂ.
റവന്യൂ മന്ത്രി തലസ്ഥാനത്ത് 25നാണ് തിരിച്ചെത്തുക. എത്തിയാലുടന്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനുള്ള നിയമഭേദഗതി സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഭൂപതിവു നിയമം അനുസരിച്ച് പട്ടയ ഭൂമിയില്‍ നിര്‍മാണത്തിന് വില്ലേജ് ഓഫിസില്‍ നിന്ന് എന്‍.ഒ.സി വേണമെന്ന ഹൈക്കോടതി വിധി വന്നപ്പോള്‍ത്തന്നെ നിയമഭേദഗതി കൊണ്ടുവന്നിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഇനിയും സമയം അതിക്രമിച്ചിട്ടില്ല. സര്‍ക്കാരില്‍നിന്ന് വേഗതയാര്‍ന്ന നടപടിയാണ് കര്‍ഷക ജനത പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."