മെഡിക്കല്‍ പി.ജി ഫീസ് വര്‍ധന അധാര്‍മികം
ആറ് ലക്ഷത്തില്‍ നിന്ന് 17 ലക്ഷത്തിലേക്ക് മെഡിക്കല്‍ പി.ജി സീറ്റിന് ഫീസ് വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് അധാര്‍മികമാണ്. വര്‍ധന ഫീ റെഗുലേറ്ററി കമ്മിഷന്റെ തീരുമാനമാണെന്നും അതില്‍ ഇടപെടാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമുള്ള ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ വിശദീകരണം മുഖവിലക്കെടുക്കാനാവില്ല.
സര്‍ക്കാരിന് ഈ വിഷയത്തില്‍ ഉറച്ച ഒരു നിലപാട് ഉണ്ടായിരുന്നുവെങ്കില്‍ അതിനനുസൃതമായ തീരുമാനമെടുക്കുവാന്‍ റെഗുലേറ്ററി കമ്മിഷനാകുമായിരുന്നു. ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റിന് അനുകൂലമായി ഫീസ് കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും കഴിഞ്ഞദിവസം ഇറങ്ങിപ്പോകുകയുണ്ടായി. നീറ്റ് സംവിധാനം വന്നതിനെത്തുടര്‍ന്ന് മാനേജ്‌മെന്റ് ക്വോട്ട എന്നും സര്‍ക്കാര്‍ ക്വാട്ട എന്നും ഇല്ലാതായി എന്നത് യാഥാര്‍ഥ്യം തന്നെ.
സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നീറ്റ് പ്രകാരം അഡ്മിഷന്‍ നല്‍കേണ്ടത് മെറിറ്റ് അടിസ്ഥാനത്തിലുമാണ്. അതില്‍ പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസവുമില്ല. എല്ലാവരും ഒരേ നിരക്കില്‍ ഫീസ് നല്‍കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാരിന് പലതും ചെയ്യാനാകുമായിരുന്നു.
ആറര ലക്ഷത്തില്‍ നിന്നും ഒറ്റയടിക്ക് മൂന്നിരട്ടിയോളം വരുന്ന 17 ലക്ഷം ഒടുക്കേണ്ടിവരുന്ന നിര്‍ധനരായ വിദ്യാര്‍ഥികളെ മെഡിക്കല്‍ തുടര്‍ പഠനത്തില്‍ നിന്നും അകറ്റുവാന്‍ മാത്രമേ ഈ ഫീസ് വര്‍ധന ഉതകൂ. വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടിവരുന്ന സ്റ്റൈപ്പന്റ് വര്‍ധിച്ചതിനാലാണ് ഫീസും വര്‍ധിപ്പിക്കേണ്ടിവന്നതെന്ന ന്യായം അംഗീകരിക്കാനാവില്ല. സ്റ്റൈപ്പന്റ് വിദ്യാര്‍ഥികളുടെ അവകാശമാണ് ഔദാര്യമല്ല.
നീറ്റ് ഉപകാരപ്രദമാണ്. മാനേജുമെന്റുകള്‍ക്ക് അന്യായമായി സംഭാവന എന്നപേരില്‍ വമ്പിച്ച തുക ഈടാക്കാന്‍ ഇതുവഴി കഴിയില്ല. എല്ലാവര്‍ക്കും മെറിറ്റ് അടിസ്ഥാനത്തില്‍ സീറ്റ് നല്‍കേണ്ടിവരുമ്പോള്‍ ഇത്തരമൊരു സാധ്യത മാനേജുമെന്റുകള്‍ക്ക് ഇല്ലാതാകും. എന്നാല്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം കിട്ടിയാലും 17 ലക്ഷം നല്‍കി പി.ജിക്ക് ചേരാന്‍ കഴിയില്ല. ഫീറെഗുലേറ്ററി കമ്മിഷനോട് ഫീസ് കുറയ്ക്കാന്‍ പറയാന്‍ സര്‍ക്കാറിന് പരിമിതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധിപ്പിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികളോടുള്ള പ്രതിബദ്ധത നിറവേറ്റുകയായിരുന്നു വേണ്ടത്. സ്വാശ്രയ കോളജുകള്‍ക്കെതിരേ സമരംചെയ്ത ഇന്നത്തെ ഭരണകക്ഷിക്ക് അതിനുള്ള ധാര്‍മിക ഉത്തരവാദിത്തമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."