കെ.എ.എസിലെ എല്ലാ നിയമനങ്ങള്‍ക്കും സാമുദായിക സംവരണം
അന്തിമ വിജ്ഞാപനം ഈ ആഴ്ച
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലെ നിയമനങ്ങള്‍ക്കെല്ലാം സാമുദായിക സംവരണം ബാധകമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം അംഗീകരിച്ചു.
സര്‍ക്കാര്‍ നിര്‍ദേശത്തോട് യോജിച്ചുകൊണ്ട് കത്തയക്കാനും പി.എസ്.സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനം, സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നുള്ള തസ്തികമാറ്റ നിയമനം നേരിട്ടും അല്ലാതെയും എന്നിവയ്ക്കാണ് സാമുദായിക സംവരണം ബാധകമാവുക.ഇതോടെ കെ.എ.എസിലേക്കുള്ള തസ്തികമാറ്റ നിയമനങ്ങള്‍ക്ക് പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിച്ചേക്കും. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവുമാണ് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുള്ളത്. നിലവില്‍ സര്‍വിസിലുള്ളവര്‍ക്കും ഇളവുലഭിക്കുന്ന വിധത്തില്‍ കരടുചട്ടം ഭേദഗതി ചെയ്തിരുന്നു. ഈ ഭേദഗതി നിര്‍ദേശങ്ങളും പി.എസ്.സി.യുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. കെ.എ.എസിന്റെ അന്തിമ വിജ്ഞാപനം ജൂണ്‍ 30നകം തയാറാക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പി.എസ്.സി തീരുമാനം അറിയിക്കാത്തതിനാല്‍ ഉത്തരവിറക്കാന്‍ കഴിഞ്ഞിരുന്നില്ല. പി.എസ്.സിയുടെ കത്ത് ഇന്ന് സര്‍ക്കാരിന് ലഭിക്കും. ഈ ആഴ്ച തന്നെ അന്തിമ വിജ്ഞാപനം ഇറങ്ങിയേക്കും. ബിരുദമാണ് കെ.എ.എസിനുള്ള അടിസ്ഥാനയോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ് വരെ അപേക്ഷിക്കാം.
സെക്രട്ടേറിയറ്റിലെ അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ് എന്നിവ ഉള്‍പ്പെടെ 29 വകുപ്പുകളും മറ്റു വകുപ്പുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ഫിനാന്‍സ് ഓഫിസര്‍, ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫിസര്‍, സൂപ്രണ്ട് തുടങ്ങിയ സമാന തസ്തികകളുമാണ് കെ.എ.എസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെ 10 ശതമാനം ഒഴിവുകളാണ് കെ.എ.എസിലൂടെ നികത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."