നമുക്കുവേണ്ടത് ഇരട്ടച്ചങ്കന്മാരെയല്ല
ഒന്നാമത്തെ ഇടതുസര്‍ക്കാറിനുപോലുമില്ലാത്ത ചില കൊണ്ടാടലുകള്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാര്യത്തിലുണ്ട്. ചുരുങ്ങിയത് പത്തുവര്‍ഷം മുമ്പെങ്കിലും എത്തിച്ചേരേണ്ട കസേരയിലാണു താനിരിക്കുന്നതെന്ന തോന്നല്‍ പിണറായിക്കുണ്ട്. പിണറായി പത്തുവര്‍ഷംമുമ്പെങ്കിലും ആ കസേരയില്‍ ഇരിക്കേണ്ടവനായിരുന്നെന്ന തോന്നല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനു പൊതുവെ ഉണ്ട്.
മാധ്യമങ്ങളും പാര്‍ട്ടിയിലെ മറ്റൊരു വിഭാഗവും ചേര്‍ന്നു പിണറായി ഈ സ്ഥാനത്തെത്തുന്നതു തടയാന്‍ കുറെ നോമ്പു നോറ്റതായാണ് പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷം കരുതുന്നത്. ഇപ്പോള്‍, എതിരാളികളുടെ ശ്രമങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണു പിണറായി മുഖ്യമന്ത്രി പദത്തിലെത്തിയതെന്നും അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടാവാം ഇ.എം.എസിനുശേഷം മറ്റാര്‍ക്കുവേണ്ടിയും ഒഴുക്കിയിട്ടില്ലാത്തത്ര മഷി പിണറായി സ്തുതിക്കായി പാര്‍ട്ടി ഒഴുക്കിക്കൊണ്ടിരിക്കുന്നത്.
ചാനലുകളില്‍ ഒരുപാടു പാണന്മാര്‍ തുടികൊട്ടിപ്പാടുകയുമുണ്ടായി. ഇതാ പുതിയൊരു യുഗം പിറന്നിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണു പാര്‍ട്ടിയും പിണറായിയും ശ്രമിച്ചത്. മുമ്പൊരിക്കലുമില്ലാത്ത ഭൂരിപക്ഷം ആ ചിന്തയിലേക്കു നയിക്കുകയും ചെയ്തു. ഒരു രക്തസാക്ഷി പുനര്‍ജനിച്ച ഭാവമാണെങ്ങും!
2016 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചാല്‍ പിണറായിയാവും മുഖ്യമന്ത്രിയെന്നു അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാമായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ആ നിലയില്‍ പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം ധൈര്യം കാട്ടിയില്ല. പത്തുവര്‍ഷം മുമ്പായിരുന്നു പ്രായാധിക്യത്തിന്റെ പേരില്‍ വി.എസ് അച്യുതാനന്ദനു നിയമസഭയിലേക്കു സീറ്റ് നിഷേധിച്ചത്. പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തി സീറ്റ് നേടിയെടുത്ത വി.എസ് മുഖ്യമന്ത്രിയായി.
പിന്നൊരു തെരഞ്ഞെടുപ്പില്‍കൂടി സീറ്റു വാങ്ങി ജയിച്ചു. പ്രതിപക്ഷനേതൃസ്ഥാനത്ത് അഞ്ചാണ്ട് ഇരിക്കുകയും ചെയ്തു. എന്നിട്ടും, 2016 ലെ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ സീറ്റ് വിഷയത്തില്‍ പിണറായിയോ പാര്‍ട്ടിയോ തര്‍ക്കത്തിനു പോയില്ല. ആ ബുദ്ധി പിണറായി കാണിച്ചതു കൊണ്ടാണ് ഇടതുപക്ഷമുന്നണി അധികാരത്തില്‍ വന്നതെന്നത് അല്‍പം അതിശയോക്തിപരം തന്നെ.
പിണറായിക്ക് ഇന്നുണ്ടെന്നു പറയുന്ന ഇരട്ടച്ചങ്കില്‍ ഒന്നെങ്കിലുമുണ്ടായിരുന്നെങ്കില്‍ മുന്നില്‍ നിന്നു തെരഞ്ഞെടുപ്പു പ്രചാരണം നയിക്കുമായിരുന്നു. പാര്‍ട്ടി ജാഥ നയിക്കുന്നതു പോലെയല്ല തെരഞ്ഞെടുപ്പു പ്രചാരണം നയിക്കലെന്ന് ഏറ്റവും കൂടുതല്‍ കാലം കേരളത്തിലെ പാര്‍ട്ടിയെ നയിച്ച പിണറായിക്ക് അറിയാമായിരിക്കും. ഒരര്‍ഥത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കു പിണറായിയുടേതു കള്ളക്കടത്തായിരുന്നു. വി.എസിനെ മുന്നില്‍ നടത്തിയൊരു നുഴഞ്ഞുകയറ്റം.
കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച കോഴിക്കോട് സാമൂതിരി രാജാവ് മുഖ്യമന്ത്രിയുടെ കാര്‍ക്കശ്യത്തെയും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള കഴിവിനെയും പുകഴ്ത്തിയെന്നാണു സര്‍ക്കാറിന്റെ ഔദ്യോഗികപത്രക്കുറിപ്പില്‍ പറഞ്ഞത്. ഒരിക്കലെടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന താന്‍പോരിമ പിണറായിയുടെ മുഖമുദ്രയായാണു വാഴ്ത്തുന്നത്.
അതിന്റെ കെടുതികള്‍ കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വാശ്രയകോളജിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്തുവെന്നു കരുതുന്ന ജിഷ്ണു പ്രണോയിയുടെ അമ്മയെ അവരുടെ വസതിയിലെത്തി സന്ദര്‍ശിച്ചില്ലെന്നു പരാതിപ്പെട്ടത് ആ അമ്മ തന്നെയാണ്. ഇനി താന്‍ അവിടേയ്ക്കില്ലെന്ന രീതിയില്‍ നിലപാടെടുക്കുകയായിരുന്നു പിണറായി. മഹിജയുടെ സമരം വലിയ വാര്‍ത്തയും കോലാഹലവുമായി മാറിയതിനു കാരണം മുഖ്യമന്ത്രിയുടെ ഈ വാശിയായിരുന്നു.
സമരംചെയ്ത മഹിജ എന്തു നേടിയെന്നു ചോദിക്കുന്ന പിണറായി താന്‍ ഒരുപാടു സമരം നയിച്ച ആളാണെന്നതു മറന്നതുപോലെ തോന്നും. സെക്രട്ടേറിയറ്റ് വളയാന്‍ ചെന്ന സി.പി.എമ്മുകാര്‍ രായ്ക്കുരാമാനം സ്ഥലംകാലിയാക്കിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി അങ്ങനെ ചോദിച്ചു കാണില്ല. വെറുമൊരു അമ്മയോടാണ് ഇദ്ദേഹം ഈ ചോദ്യം ചോദിച്ചത്, എനിക്കെതിരേ സമരം ചെയ്തിട്ടെന്തു നേടിയെന്ന്. അതുവരെ പിടികൂടാന്‍ കഴിയാതിരുന്ന നെഹ്‌റു കോളജ് വൈസ്പ്രിന്‍സിപ്പലിനെ പൊലിസ് പിടികൂടിയത് അന്നായിരുന്നിട്ടും മുഖ്യമന്ത്രി ആ ചോദ്യം ഉന്നയിച്ചു!
സ്വാശ്രയഫീസുമായി ബന്ധപ്പെട്ട സമരത്തില്‍ പിണറായി നിയമസഭയില്‍ അംഗങ്ങളോടു പോയി പണിനോക്കാന്‍ പറഞ്ഞല്ലോ. അതിനുപിന്നിലും ഇത്തരമൊരു നിലപാടുണ്ട്. ഫീസ് കുറയ്ക്കാന്‍ സമരംചെയ്ത യു.ഡി.എഫുകാര്‍ സ്വാശ്രയമാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി, സമരത്തില്‍നിന്നു മാന്യമായി തലയൂരാവുന്ന വിധത്തില്‍ ചെറിയ രീതിയിലെങ്കിലും ഫീസ് കുറയ്ക്കാന്‍ ധാരണയുണ്ടാക്കിയതാണ്.
മുഖ്യമന്ത്രിയുടെ കാര്‍ക്കശ്യം അതില്ലാതാക്കി. അതുമൂലം നഷ്ടമുണ്ടായതു യു.ഡി.എഫിനു മാത്രമല്ല, സംസ്ഥാനത്തെ സ്വാശ്രയവിദ്യാര്‍ഥികള്‍ക്കാകെയാണ്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്ന രീതി നടപ്പുള്ളതാണ്. കടുത്ത വിമര്‍ശനങ്ങളുടെ വ്യൂഹത്തിനുള്ളിലായപ്പോള്‍പോലും മന്ത്രിസഭായോഗ വിശദീകരണം ഉമ്മന്‍ചാണ്ടി ഒഴിവാക്കിയിരുന്നില്ല. മറ്റു മുഖ്യമന്ത്രിമാരും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിന്നുകൊടുത്തവരാണ്.
ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ ഭാഗമാണിത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ജനങ്ങളുടെ ചോദ്യങ്ങളായിക്കണ്ട് ഇഷ്ടമില്ലാത്തപ്പോള്‍പോലും അതിനെ ആദരിക്കുകയാണ് ഇതരമുഖ്യമന്ത്രിമാര്‍ ചെയ്തുപോന്നത്. മാധ്യമപ്രവര്‍ത്തകരെപ്പറ്റി ആക്ഷേപം എക്കാലത്തുമുണ്ടായിട്ടുണ്ട്. അതില്‍ ശരികളുമുണ്ട്. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരുപോലെ അവസരം നല്‍കുന്നുവെന്നതിനാല്‍ മാധ്യമസമ്മേളനങ്ങള്‍ ജനകീയ ജനാധിപത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്.
നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാറില്ല. തനിക്കു പ്രിയപ്പെട്ട അര്‍ണബ് ഗോസ്വാമിമാര്‍ക്കു മുമ്പിലേ മോദി വിനീതനാവാറുള്ളൂ. ബാക്കിയെല്ലാം മന്‍കീ ബാത്തുകളാണ്. ഏറ്റവുമൊടുവില്‍ അമേരിക്കയിലെ വലതുപക്ഷതീവ്രനായ പ്രസിഡന്റ് ട്രംപ് പറയുന്നു, മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കുകയാണെന്ന്.
വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തരം പ്രമുഖനായ കോടിയേരിയുടെ കൈയിലായിരുന്നു. പിണറായി മന്ത്രിസഭയിലാവട്ടെ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ എളിമയില്‍തന്നെ. ഈ സര്‍ക്കാറിന് എന്നും മാപ്പുപറയേണ്ട സ്ഥിതിവരുത്തിവച്ചതു പൊലിസ് ഭരണമാണ്. ടി.പി സെന്‍കുമാറിനെ ദാക്ഷിണ്യമില്ലാതെ മാറ്റി മോദിക്കു പ്രിയങ്കരനായ ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പി സ്ഥാനത്തിരുത്തി. അതു താഴേത്തട്ടില്‍ പൊലിസിനു സൂചനയായോയെന്നു സംശയിക്കത്തക്കവിധം അതിക്രമങ്ങള്‍ പലേടത്തുമുണ്ടായി.
ഉപദേശകരുടെ വലിയനിര തന്നെ. ഏറ്റവുമൊടുവില്‍ രമണ്‍ ശ്രീവാസ്തവ പൊലിസ് കാര്യത്തില്‍ ഉപദേശത്തിന്. ഒരു മുഖ്യമന്ത്രിക്കും ഇത്രയേറെ ഉപദേശകരുണ്ടായിട്ടില്ല. എന്നിട്ടും തൊട്ടതെല്ലാം പാളുകയാണുണ്ടായത്. ടി.പി സെന്‍കുമാര്‍ സുപ്രിം കോടതിയില്‍നിന്നു വിധിയുമായി വന്നിട്ടും അതു വായിക്കാതെ 'വ്യക്തത'യ്ക്കുവേണ്ടി പോയപ്പോള്‍ കോടതിയില്‍നിന്നു കനത്തപ്രഹരം ലഭിച്ചു.
ചീഫ് സെക്രട്ടറി ജഡ്ജിമാര്‍ക്കു മുമ്പില്‍ ഏത്തമിട്ടു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിണറായി നിയമസഭയില്‍ പ്രഖ്യാപിച്ചത്, പിഴയില്ല, മാപ്പുമില്ല എന്നാണ്.കോഴിക്കോട്ടെ മുന്‍ കലക്ടറായിരുന്നെങ്കില്‍ കുന്നംകുളത്തിന്റെ മാപ്പെങ്കിലും സുപ്രിംകോടതിക്ക് അയച്ചുകൊടുക്കുമായിരുന്നു. പിണറായിയല്ലേ, മാപ്പുപറയുമോ!
കവി കല്‍പറ്റ നാരായണന്റെ വാക്കുകള്‍ പ്രസക്തമാണ്- നമുക്കു വേണ്ടത് അമ്പത്താറിഞ്ചു നെഞ്ചന്മാരും ഇരട്ടച്ചങ്കന്മാരുമൊന്നുമല്ല, തെറ്റുപറ്റിയാല്‍ തിരുത്താനും മാപ്പുപറയാനുമെല്ലാം പറ്റുന്ന അല്‍പം മൃദുഹൃദയന്മാരെയാണെന്നാണു കവി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."