തലശ്ശേരി റോഡിന്റെ ശോച്യാവസ്ഥ: കെട്ടിടത്തിനു മുകളില്‍കയറി യുവാവിന്റെ ആത്മഹത്യാഭീഷണി
തലശ്ശേരി: നഗരത്തിലെ മുഴുവന്‍ റോഡുകളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടും അധികൃതരുടെ മൗനത്തില്‍ പ്രതിഷേധിച്ച് എസ്.ടി.യു പ്രാദേശിക നേതാവ് നാലുനില കെട്ടിടത്തിനു മുകളില്‍കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഗമം ജങ്ഷനിലെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്കയറി സത്താര്‍ മുരിക്കോളി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രധാന റോഡുകള്‍ക്ക് ഇരുവശവും പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകളില്‍ തയാറാക്കിവച്ചുള്ള എണ്ണ പലഹാരങ്ങള്‍ പൊടിപടലം പറ്റിപിടിച്ച് ഭക്ഷിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു കൈയില്‍ പഴം പൊരിയുമായി യുവാവ് കെട്ടിടത്തിനു മുകളില്‍ കയറിയത്. മുമ്പ് സംഗമം ജങ്ഷനിലെ മേല്‍പ്പാലത്തില്‍ രൂപംകൊണ്ട വലിയ കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നടത്തിയ ഒറ്റയാള്‍ സമരം ശ്രദ്ധേയമാവുകയും തുടര്‍ന്ന് അധികൃതര്‍ കുഴിയടക്കുകയും ചെയ്തിരുന്നു. കുഴിയടയ്ക്കുന്ന ദിവസം പരിഹസിച്ചെന്ന് ആരോപിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്കെതിരേ ഇയാള്‍ തലശ്ശേരി പൊലിസില്‍ പരാതിയും നല്‍കിയിരുന്നു.
നഗരത്തിലെ തകര്‍ന്ന റോഡുകളില്‍ കുഴി അടയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നു കുഴികളില്‍ വാഴനട്ട് പ്രതിഷേധത്തിനും നേതൃത്വം നല്കി. നഗരത്തില്‍ വ്യാപിക്കുന്ന മയക്കുമരുന്നിനെതിരെ ശക്തമായ പ്രചാരണവും ഒറ്റയാള്‍ സമരവും നടത്തിയും ഏറെ ശ്രദ്ധയനായിരുന്നു സത്താര്‍. ജനമൈത്രി പൊലിസ്, ട്രാഫിക് പൊലിസ് എന്നിവര്‍ക്കു ശ്രദ്ധേയവും ഗൗരവതരവുമായ നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക വഴി ഗതാഗത സംവിധാനത്തിലും മയക്കുമരുന്ന് വില്പനയ്ക്കെതിരേയുമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സത്താര്‍ മുന്നിലുണ്ടായിരുന്നു.
ഒരുമണിക്കൂറോളം കെട്ടിടത്തിന്റെ മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കിയ ഇയാളെ അഗ്നിശമന സേനയെത്തി അനുനയിപ്പിച്ച് വൈകിട്ട് നാലോടെ താഴെയിറക്കി. നഗരസഭയുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദത്തിനെതിരേയുള്ള പ്രതിഷേധമാണ് അറിയിച്ചതെന്നു സത്താര്‍ മുരിക്കോളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."