മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹനയ്ക്ക് വിലക്ക്
കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ മാധ്യമങ്ങളില്‍ കൂടി അഭിപ്രായം പറയുന്നത് ഹൈക്കോടതി വിലക്കി. രഹനയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ കഴിയുന്നതുവരെയാണ് വിലക്ക്. ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. 2018 ല്‍ സമൂഹമാധ്യമങ്ങള്‍വഴി മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസില്‍ പത്തനംതിട്ട പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നു കാണിച്ച് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി രഹനയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിചാരണ തീരുന്നതുവരെ നേരിട്ടോ, അല്ലാതെയോ, മറ്റൊരാള്‍ വഴിയോ അഭിപ്രായങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ പ്രസിദ്ധപ്പെടുത്തുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടു കേസുകളില്‍ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ലെന്നും ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നുവെന്നും കോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷ. അടുത്ത മൂന്നു മാസത്തേയ്ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പത്തനംതിട്ട പൊലിസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരായി ഒപ്പിടാനും രഹനയ്ക്ക് കോടതി നിര്‍ദേശം നല്‍കി. അതിനുശേഷമുള്ള മൂന്നുമാസം ആഴ്ചയില്‍ ഓരോ ദിവസവും ഹാജരാകണം. ഗോമാത ഉലര്‍ത്ത് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ കുക്കറി വീഡിയോ പോസ്റ്റു ചെയ്തത് മത സ്പര്‍ധ ഉണ്ടാക്കാനാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു. ആവശ്യമെങ്കില്‍ ഈ വീഡിയോ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."