'നിവര്' ശക്തിയാര്‍ജിക്കുന്നു; ഇന്ന് തീരത്ത് പ്രവേശിക്കും
തമിഴ്നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'നിവര്' ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് ഇന്ന് തമിഴ്നാട്, പുതുച്ചേരി തീരത്ത് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിതീവ്ര ചുഴലിക്കാറ്റായി ശക്തിയാര്‍ജിക്കുന്ന 'നിവര്' മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും ഇന്നു വൈകീട്ട് പുതുച്ചേരിയിലെ കരൈക്കലിനും തമിഴ്നാട്ടിലെ മഹാബലിപുരത്തിനുമിടയിലൂടെ കരയില്‍ പ്രവേശിക്കുകയെന്നാണ് പ്രവചനം. അതീവ ജാഗ്രതാനിര്‍ദേശം നല്കിയ തമിഴ്നാട്ടില്‍ ഇന്ന് ആറു ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
കരയിലേക്കു പ്രവേശിക്കുന്ന 'നിവര്' വീടുകള്‍ക്കും കൃഷിക്കും വലിയ തോതില്‍ നാശമുണ്ടാക്കുമെന്നും വലിയ വൃക്ഷങ്ങള്‍ വരെ നിലംപതിക്കുമെന്നും മുന്നറിയിപ്പുണ്ട്. തമിഴ്നാട്, പുതുച്ചേരി തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍, റോഡ്, വ്യോമ ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
നാളെയോടെ ദുര്‍ബലമാകുന്ന 'നിവര്' അറബിക്കടലിലേക്ക് നീങ്ങി ഒമാന്‍ ഭാഗത്തേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്ന് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. അതേസമയം 'നിവര്' കേരളത്തെ ബാധിക്കില്ല. ഒറ്റപ്പെട്ടയിടങ്ങളിലെ സാധാരണ മഴയ്ക്കല്ലാതെ മറ്റു മഴ മുന്നറിയിപ്പുകളൊന്നും കേരളത്തില്‍ നല്‍കിയിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."