തളിപ്പറമ്പില്‍ ബോംബിനായി തെരച്ചില്‍
തളിപ്പറമ്പ്: സ്റ്റേഷന് പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ജില്ലയില്‍ പലഭാഗങ്ങളിലായി അടുത്തകാലത്തുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലിസ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞദിവസം കക്കറയില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടെ നടന്ന സ്ഫോടനങ്ങളിലുള്പ്പെടെ നിരപരാധികളായ പലര്‍ക്കും മാരക പരുക്കേറ്റിരുന്നു.
എന്നാല്‍ സ്ഫോടക വസ്തുക്കളുടെ ഉറവിടം അജ്ഞാതമായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ ജില്ലയില്‍ അക്രമം നടത്താന്‍ ആയുധ ശേഖരണവുമായി ബന്ധമുണ്ടോയെന്ന് പൊലിസ് പരിശോധിച്ചു വരികയാണ്. പലഭാഗങ്ങളിലും സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതായും രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. ഇന്നലെ കൂനം, നാടുകാണി കിന്‍ഫ്ര പാര്‍ക്കിനു സമീപം, കുറുമാത്തൂര്‍, പന്നിയൂര്‍ തുടങ്ങി സ്ഥലങ്ങളില്‍ പരിശോധന നടത്തി. തളിപ്പറമ്പ് പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."