പാരലല്‍ കോളജില്‍ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പാരലല്‍ കോളജ് ഓഫിസിന്റെ പൂട്ടുപൊളിച്ച് ലാപ്ടോപും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റുചെയ്തു. കൂത്തുപറമ്പ് വേങ്ങാട് തെരു മടപ്പുരയ്ക്കല്‍ വീട്ടില്‍ ബിജു (39), തിരുവനന്തപുരം ചെങ്കല്‍ചൂള പൂവാങ്കുളം ദേവീവിലാസത്തില്‍ ചാരുവിള പുത്തന്‍വീട്ടില്‍ എ.എസ് വിഷ്ണു (25) എന്നിവരെയാണു ടൗണ്‍ എസ്.ഐ ശ്രീജിത് കൊടേരിയും സംഘവും പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു പഴയ ബസ്റ്റാന്‍ഡിനു സമീപത്തെ കോളജ് കൊമേഴ്സ് ഓഫിസില്‍ കവര്‍ച്ച നടന്നത്. മോഷ്ടിച്ച ലാപ്ടോപ് നഗരത്തിലെ ഒരു കടയില്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. തെങ്ങുകയറ്റവും കൂലിവേലയും സ്ഥിരമാക്കിയ ബിജു പഴയബസ്റ്റാന്‍ഡ് പരിസരത്താണു കിടന്നുറങ്ങാറുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിടന്നുറങ്ങാറുള്ളവരുടെ പണവും മറ്റും തട്ടിയെടുക്കാറുള്ള ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നും പൊലിസ് അറിയിച്ചു. വലിയന്നൂരില്‍ തേപ്പ് പണിക്കാരനായ വിഷ്ണു ബിജുവിന്റെ അടുത്ത സുഹൃത്താണ്. ഇരുവരെയും ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."