റായ്ബറേലിയിലെ കോച്ച് ഫാക്ടറി സ്വകാര്യമേഖലക്ക് തീറെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍: കടുത്ത പ്രതിഷേധവുമായി സോണിയ
ന്യൂഡല്‍ഹി: റായ്ബറേലിയിലെ റെയില്‍വേ കോച്ച് ഫാക്ടറി സ്വകാര്യവത്കരിക്കുന്നതിനെതിരേ ലോക്‌സഭയില്‍ ശബ്ദിച്ച് സോണിയ ഗാന്ധി. റായ്ബറേലിയിലെ ആധുനിക കോച്ച് ഫാക്ടറി സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഒരു പരീക്ഷണത്തിനായി സര്‍ക്കാര്‍ ഈ ഫാക്ടറി തന്നെ തെരഞ്ഞെടുത്തിലാണ് വലിയ ആശങ്കയെന്നും സോണിയ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടിയിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അവരുടെ കുടുംബങ്ങള്‍ അനിശ്ചതത്വത്തിലാകുമെന്നും ശൂന്യവേളയില്‍ സോണിയ ചൂണ്ടിക്കാട്ടി.
മികച്ച ഗുണനിലവാരമുള്ള കോച്ചുകള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാകുന്നതിന് വേണ്ടി യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചതാണ് കോച്ച് ഫാക്ടറി. ഫാക്ടറിയെ സംരക്ഷിക്കണമെന്നും തൊഴിലാളികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടരുതെന്നും സോണിയ ആവശ്യപ്പെട്ടു. എച്ച്.എ.എല്‍, ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥയിലും സോണിയ ആശങ്ക പ്രകടിപ്പിച്ചു.
ഈ സ്ഥാപനങ്ങളുടെ അവസ്ഥ ആരില്‍ നിന്നും മറച്ചു പിടിക്കാന്‍ കഴിയില്ല. വിലമതിക്കാനാവാത്ത സമ്പത്ത് ചുരുങ്ങിയ വിലയ്ക്ക് സ്വകാര്യ കുത്തകകളുടെ കൈയില്‍ എത്താനേ സ്വകാര്യവത്കരണം സഹായിക്കൂ. ഇതുവഴി ആയിരക്കണക്കിന് ജീവനക്കാര്‍ തൊഴില്‍ രഹിതരാകുമെന്നും സോണിയ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."