എഴുത്തുകള്‍ മനുഷ്യത്വത്തെ പുഷ്ടിപ്പെടുത്തുന്നു: പ്രതിഭാ റായ്
കോഴിക്കോട്: മനുഷ്യത്വത്തെ പുഷ്ടിപ്പെടുത്തുകയാണ് എഴുത്തിന്റെ ലക്ഷ്യമെന്നു പ്രമുഖ ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ ഡോ. പ്രതിഭാ റായ്. അളകാപുരി ഹോട്ടലില്‍ പൂര്‍ണ പബ്ലിക്കേഷന്‍ 52-ാം വാര്‍ഷികവും പൂര്‍ണ-ഉറൂബ് നോവല്‍ അവാര്‍ഡ്ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കലാകാരന്മാരും എഴുത്തുകാരും നിര്‍ഭയരായിരിക്കണം. സ്‌നേഹം എല്ലാ ഭയങ്ങളില്‍നിന്ന് മോചനം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വ്യത്യസ്ത സംസ്‌കാരങ്ങളും ഭാഷകളും ഇന്ത്യയുടെ കരുത്താണ്. എല്ലാ നക്ഷത്രങ്ങളും ഒത്തുചേര്‍ന്ന് താരാപഥത്തെ മനോഹരമാക്കുന്നത് പോലെ എല്ലാ ഭാഷകളും ചേര്‍ന്ന് ഇന്ത്യന്‍ സാഹിത്യമണ്ഡലത്തെ പ്രശോഭിതമാക്കുകയാണ്. ഭാഷ പ്രദേശികമാണെങ്കിലും സാഹിത്യം സാര്‍വലൗകികമാണ്. നാനാത്വത്തില്‍ ഏകത്വവും സാംസ്‌കാരിക വൈവിധ്യവും ഭാരതീയ സാഹിത്യത്തെ സമ്പന്നമാക്കുകയാണ്.
മലയാളികള്‍ക്കിടയില്‍ തന്റെ കൃതികള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചത് മികച്ച വിവര്‍ത്തകരെ കിട്ടിയതുകൊണ്ടാണ്. നോവല്‍ രചന ധാരാളം സമയം ആവശ്യമുള്ള സര്‍ഗാത്മക പ്രവര്‍ത്തനമാണ്. താനുള്‍പ്പടെയുള്ള എഴുത്തുകാര്‍ മിക്കവരും പാര്‍ട്ട് ടൈം എഴുത്തുകാരാണ്.
ഒരോ എഴുത്തുകാരും സ്വന്തം ആത്മനിഷ്ട അനുഭവ പാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അവരുടേതായ സ്റ്റൈലിലാണ് എഴുതുന്നതെന്നും പ്രതിഭാറായ് കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ പൂര്‍ണ-ഉറൂബ് നോവല്‍ അവാര്‍ഡ് ജോസ് പാഴൂക്കാരന് പ്രതിഭാ റായ് സമ്മാനിച്ചു. ജോസിന്റെ 'ബുദ്ധന്‍ ചിരിക്കുന്നില്ല' എന്ന നോവലിനാണ് അവാര്‍ഡ്. ചടങ്ങില്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ അധ്യക്ഷനായി. സി. രാധാകൃഷ്ണന്‍, ഡോ. എം.എം ബഷീര്‍, ഡോ. ആര്‍സു, ഡോ. ഖദീജ മുംതാസ്, ഡോ. അനില്‍ ചേലമ്പ്ര, എന്‍.ഇ ബാലകൃഷ്ണ മാരാര്‍, എന്‍.ഇ മാരാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."