പ്രതിഷേധം ഫലം കണ്ടു; മടവൂര്‍ പഞ്ചായത്ത് കൊടുവള്ളി ആര്.ടി.ഒ പരിധിയില്‍ തന്നെ
കൊടുവള്ളി: മടവൂര്‍ പഞ്ചായത്തിനെ കൊടുവള്ളി ജോയിന്റ് ആര്.ടി.ഒ പരിധിയില്‍നിന്ന് ഒഴിവാക്കി പുതുതായി രൂപീകരിക്കുന്ന നന്മണ്ട ആര്.ടി ഓഫിസ് പരിധിയിലാക്കാനുള്ള തീരുമാനം പിന്‍വലിച്ച് കൊടുവള്ളിയില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് ഉറപ്പ് നല്‍കിയതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു.
എം.എല്‍.എയുടെ നേതൃത്വത്തില്‍ മടവൂര്‍ പഞ്ചായത്തിലെ സര്‍വകക്ഷി സംഘം വകുപ്പ് മന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. മടവൂരിലെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് മടവൂരിനെ കൊടുവള്ളി ആര്.ടി.ഒ പരിധിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടത്. മടവൂരിനെ കൊടുവള്ളിയില്‍ നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊടുവള്ളി ആര്.ടി ഓഫിസിന് മുന്പില് ബഹുജന ധര്‍ണയും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."