മിഠായിത്തെരുവിലെ വാഹന നിയന്ത്രണം
കോഴിക്കോട്: മിഠായിത്തെരുവിലെ വാഹന നിയന്ത്രണത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയും ഉപവാസ സമരത്തിനൊരുങ്ങുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. ഹസന്‍ കോയയും ജില്ലാ ഭാരവാഹികളും ഇന്നു രാവിലെ 10 മുതല്‍ മിഠായിത്തെരുവിലെ കിഡ്‌സണ്‍ കോര്‍ണറില്‍ ഉപവാസമിരിക്കും.
മിഠായിത്തെരുവ് നവീകരണത്തിനു ശേഷം അധികാരികള്‍ ഇവിടെ ഏര്‍പ്പെടുത്തിയ വാഹനനിയന്ത്രണം മൂലം ഈ മേഖലയില്‍ ഉപജീവനാര്‍ഥം വ്യാപാരം നടത്തുന്നവര്‍ക്കും മറ്റ് അനുബന്ധ തൊഴിലിലേര്‍പ്പെട്ടവര്‍ക്കും പ്രദേശവാസികള്‍ക്കും സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ലെന്ന് ഇവര്‍ പറയുന്നു.
മിഠായിത്തെരുവിന്റെ പൈതൃകം എന്നുപറയുന്നത് വ്യാപാരികളാണ്. അതുകൊണ്ടുതന്നെ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നിലപാടുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കച്ചവടങ്ങള്‍ കുറഞ്ഞു. പലരും ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നെന്നും അതുകൊണ്ടാണ് തങ്ങള്‍ നിരാഹാര സമരത്തിന് നിര്‍ബന്ധരായിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
വ്യാപാരം സുഗമമായി നടത്താന്‍ നിശ്ചിത സമയത്തേക്കെങ്കിലും ഗതാഗത നിയന്ത്രണ നിയമത്തില്‍ ഇളവു വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വ്യാപാരം മൂലം പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന വ്യാപാരികള്‍ വാഹനസൗകര്യം നിഷേധിക്കപ്പെട്ടപ്പോള്‍ പൂര്‍ണമായും തളര്‍ന്നു. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ നീതി ലഭിക്കും വരെ ഒക്ടോബര്‍ രണ്ടുമുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വി. സുനില്‍ കുമാര്‍, രൂപേഷ് കോളിയോട്ട്, പ്രവീണ്‍, കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി സി.കെ വിജയന്‍, സി.വി ഇക്ബാല്‍, കെ.എം റഫീഖ്, കെ. അനില്‍ കുമാര്‍, നവാസ് കോയിശ്ശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."