കരിപ്പൂരില്‍ ഹജ്ജ് ക്യാംപും ടെര്‍മിനലും ഒരുങ്ങി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്രതിരിക്കുന്ന തീര്‍ഥാടകര്‍ക്കായി ഹജ്ജ് ഹൗസും കരിപ്പൂര്‍ വിമാനത്താവളവും ഒരുങ്ങി. ഹജ്ജ് ഹൗസിന് മുന്നില്‍ 1500 പേര്‍ക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് ഒരുക്കിയത്. 50 പേര്‍ക്ക് ഇരിക്കാവുന്ന വലിയ വേദിയും തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇരിക്കാന്‍ വ്യത്യസ്ഥ സ്ഥലവും പന്തലിലുണ്ട്. ഹജ്ജ് ക്യാംപിന്റെയും ഒപ്പം വനിത ഹജ്ജ് ടെര്‍മിനല്‍ ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനവും ജൂണ്‍ 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ജൂലൈ ഏഴിനുള്ള ആദ്യവിമാനത്തിലെ തീര്‍ഥാടകര്‍ തലേന്ന് രാവിലെ ഒന്‍പത് മണിക്കും 11 മണിക്കും ഇടയില്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യണം. രണ്ടാമത്തെ വിമാനത്തില്‍ പോകേണ്ടവര്‍ രാവിലെ 11നും ഉച്ചക്ക് ഒരു മണിക്കും ഇടയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ശേഷിക്കുന്ന ദിവസങ്ങളിലെ തീര്‍ഥാടകര്‍ക്ക് പോകുന്നതിന്റെ തലേന്ന് രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ സമയമുണ്ട്.
ഹജ്ജ് ഹൗസില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനും പ്രാര്‍ഥിക്കാനും ഭക്ഷണത്തിനും സൗകര്യം ഒരുക്കിയിട്ട്. 24 മണിക്കൂറും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും രംഗത്തുണ്ടാവും. പൊലിസും അഗ്നിശമന സേനയും ക്യാംപ് കഴിയും വരെ പ്രവര്‍ത്തിക്കും. വനിതകള്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടകരെ സഹായിക്കാന്‍ സേവന സജ്ജരായ 300 വളന്റിയര്‍മാരാണ് ഹജ്ജ് ക്യാംപിലുണ്ടാവുക. ഇവരില്‍ 70 പേര്‍ വനിതകളാണ്. ഹജ്ജ് ക്യാംപിന് പുറമെ വിമാനത്താവളത്തിലും ഇവരുടെ സേവനമുണ്ടാകും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പഴയ അന്താരാഷ്ട്ര ആഗമന ഹാളാണ് ഹജ്ജ് ടെര്‍മിനലായി മാറ്റിയിരിക്കുന്നത്. ഇരിക്കാനും വിശ്രമിക്കാനും പ്രാര്‍ഥിക്കാനും പ്രത്യേകം ഇടം ടെര്‍മിനലിലുണ്ട്. തീര്‍ഥാടര്‍ക്കുള്ള സംസം ജലം നേരത്തെ എത്തുന്നതിനാല്‍ ഇവ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലം വിമാനത്താവള അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. ഹജ്ജ് വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്ന് വലിയ വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ഡയരക്ടര്‍ ശ്രീനിവാസ റാവുമായി ചര്‍ച്ച നടത്തി. ഹജ്ജ് ക്യാംപ് കണ്‍വീനര്‍ പി. അബ്ദുറഹിമാന്‍, ഹജ്ജ് അസി.സെക്രട്ടറി ടി. കെ അബ്ദുറഹിമാന്‍ തുടങ്ങിയവരും സംബന്ധിച്ചു.
കേരളത്തില്‍ നിന്ന് ഇതുവരെയായി 13,472 പേര്‍ക്കാണ് ഹജ്ജ് കമ്മിറ്റി വഴി അവസരം ലഭിച്ചത്. ഇതില്‍ 2,730 പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയും ശേഷിക്കുന്നവര്‍ കരിപ്പൂരില്‍ നിന്നുമാണ് യാത്രയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."