മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് പിതാവ്
കൊല്ലം: മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ പിതാവിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലത്ത് അഞ്ചാലുമൂട്ടില്‍ ആണ് ദുരഭിമാനക്കൊലയ്ക്ക് ശ്രമം നടന്നത്.
സംഭവത്തില്‍ താന്നിക്ക് മുക്ക് സദേശി സോമസുന്ദരത്തിനെയാണ് പൊലിസ് തിരയുന്നത്. ആക്രമണത്തിനിടെ മകന്റെ രക്ഷയ്ക്കെത്തിയ യുവാവിന്റെ അമ്മയ്ക്കും പരുക്കേറ്റു. അഞ്ചാലുമൂട് സ്വദേശി പ്രണവ് ലാലിനും മാതാവ് തങ്കമ്മക്കുമാണ് പരുക്ക്.
ഞായറാഴ്ച വൈകിട്ട് ആണ് സംഭവം നടന്നത്. വീടിന് പുറത്തു നില്‍ക്കുകയായിരുന്ന പ്രണവ് ലാലിനെ സ്ഥലത്തെത്തിയ സോമസുന്ദരം വെട്ടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ പ്രണവിനെ വീട്ടിനുള്ളില്വച്ചും ഇയാള്‍ വെട്ടി. വയറിന്റെ ഭാഗത്തും ഇരു കൈകളിലും പ്രണവിന് വെട്ടേറ്റിട്ടുണ്ട്. തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രണവ് ലാലിന്റെ അമ്മ തങ്കമ്മയ്ക്കും വെട്ടേറ്റത്. ഇവരുടെ വിരലിലാണ് പരുക്കേറ്റത്. ഒരാഴ്ച മുന്‍പാണ് പ്രണവും സോമസുന്ദരത്തിന്റെ മകളും ഇരുവീട്ടുകാരെയും അറിയിക്കാതെ വിവാഹിതരായത്. തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രണവിനൊപ്പം പോകാനാണ് താല്പര്യമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഭര്‍ത്താവിനൊപ്പം പോകാന്‍ യുവതിയെ അനുവദിച്ചു. ഇതില്‍ പ്രകോപിതനായാണ് പ്രണവിനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലിസ് പറഞ്ഞു.
ആക്രമണത്തിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെടുകയായിരുന്നു സോമസുന്ദരം. പ്രണവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."