തകര്‍ന്ന തെക്കേതൊടുക-വെള്ളച്ചാല്‍ നടപ്പാലം ഉടന്‍ നിര്‍മിക്കും
താമരശ്ശേരി: പ്രളയത്തില്‍ തകര്‍ന്ന അണ്ടോണയിലെ തെക്കേതൊടുക വെള്ളച്ചാല്‍ ഭാഗത്തെ നടപ്പാലം ഉടന്‍ നിര്‍മിച്ച് നല്‍കുമെന്ന് കൊടുവള്ളി മണ്ഡലം എസ്.ഡി.പി.ഐ ഭാരവാഹികള്‍ അറിയിച്ചു. തകര്‍ന്ന നടപ്പാലത്തെ കുറിച്ച് സുപ്രഭാതം പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഇവര്‍.
കഴിഞ്ഞ ജൂണ്‍ 14ന് പെയ്ത കനത്ത മഴയിലാണ് ഇവിടുത്തെ പാലം ഒലിച്ചുപോയത്. ഇതോടെ ഇരുകരകളിലേക്കും യാത്ര ചെയ്യാന്‍ രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരും. ദിവസവും സ്‌കൂളുകളിലേക്കും മദ്‌റസകളിലേക്കും പോകുന്ന വിദ്യാര്‍ഥികളെ ഇതു കൂടുതല്‍ വലച്ചു. പാലം തകര്‍ന്നതോടെ ഇരുകരകളെയും ബന്ധിപ്പിക്കുന്നതിനായി നാട്ടുകാര്‍ തന്നെ നിര്‍മിച്ച ചങ്ങാടങ്ങളിലെ യാത്ര അപകടം നിറഞ്ഞതായിരുന്നു.
ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണയെയും താമരശേരി പഞ്ചായത്തിലെ അണ്ടോണയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ നടപ്പാലം നാലു വര്‍ഷം മുന്‍പാണ് നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത് പുനര്‍നിര്‍മിച്ചത്. ഇവിടെ മേല്‍പ്പാലം പണിയണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
ഇവിടെ നിന്ന് അരക്കിലോമീറ്റര്‍ മാറി പോര്‍ങ്ങോട്ടൂരില്‍ മറ്റൊരു ഇരുമ്പ് തൂക്കുപാലവും തകര്‍ന്നിരുന്നു. ഇതും പ്രദേശത്തുകാരുടെ യാത്രാ ക്ലേശം ശക്തമാക്കാന്‍ ഇടയായി. ഇവിടെയും മുള കെട്ടിയുണ്ടാക്കിയ ചങ്ങാടം ഉപയോഗിച്ചാണ് നാട്ടുകാര്‍ യാത്ര ചെയ്യുന്നത്. പാലം പണി ഉടന്‍ ആരംഭിക്കുമെന്ന് എസ്.ഡി.പി.ഐ കൊടുവള്ളി മുനിസിപ്പല്‍ ഭാരവാഹികളായ പ്രസിഡന്റ് ടി.പി യൂസുഫ് കരീറ്റിപ്പറമ്പ്, മണ്ഡലം സെക്രട്ടറിമാരായ ജാഫര്‍ പരപ്പന്‍പൊയില്‍, സിറാജ് തച്ചംപൊയില്‍, പാപ്പി അബൂബക്കര്‍, അഷ്‌റഫ് അണ്ടോണ, സി. നിസാര്‍, കെ.എം റസാഖ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."