ട്രിപ്പ് മുടക്കം പതിവാകുന്നു; യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആര്‍.ടി.സി
തിരുവമ്പാടി: മുന്നറിയിപ്പില്ലാതെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. സമയം കണക്കാക്കി ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാരാണ് സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനാല്‍ പ്രയാസപ്പെടുന്നത്.
ഇന്നലെയും കെ.എസ്.ആര്‍.ടി.സി രാവിലെയുള്ള അഞ്ചോളം സര്‍വിസുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ആനക്കാംപൊയിലില്‍നിന്ന് സ്‌കൂളിലേക്ക് പോകേണ്ട കുരുന്നുകള്‍ പെരുവഴിയിലായി. ഇവരെ നാട്ടുകാരും രക്ഷിതാക്കളും ഗുഡ്‌സ് വാഹനത്തില്‍ വിടുകായിരുന്നു. വൈകിട്ടും കൃത്യമായി ബസില്ലാത്തതിനാല്‍ സ്‌കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ഥികള്‍ വീട്ടിലെത്തുമ്പോള്‍ രാത്രി ഏറേ വൈകാറുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു.
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയതോടെയാണ് കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത്. തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് കെ.എസ്.ആര്‍.ടി.സി യാത്ര മുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ബന്ധപ്പെട്ടാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. രാവിലെ ഏഴിന് ആനക്കാംപൊയിലില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസ് കഴിഞ്ഞാല്‍ പിന്നെ ഒന്‍പതിന് മാത്രമാണ് അടുത്ത സര്‍വിസുള്ളത്. ഇതിനിടയില്‍ 7.10,7.40,8.15,8.40 എന്നീ സമയങ്ങളിലുള്ള ബസ് സര്‍വീസുകള്‍ പല കാരണത്താല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. എന്നാല്‍ ഡ്യൂട്ടി ഷെഡ്യൂള്‍ മാറ്റുന്നത് കൊണ്ട് തുടക്കത്തിലുണ്ടാകുന്ന പ്രശ്‌നം മാത്രമാണ് ഇപ്പോഴുള്ളതെന്നും വൈകാതെ പരിഹരിക്കാനാകുമെന്നുമാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നുള്ള വിശദീകരണം. ജില്ലയിലെ റൂട്ടുകളില്‍ മാത്രമല്ല, ജില്ലയ്ക്ക് പുറത്തേക്കുള്ള റൂട്ടുകളിലും പ്രതിസന്ധിയാണ്.
സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി കോഴിക്കോട് ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തിയിരുന്ന ഏതാനും ഓര്‍ഡിനറി സര്‍വിസുകള്‍ താമരശ്ശേരി ഡിപ്പോയിലേക്കു മാറ്റിയിരുന്നു. കോഴിക്കോട്ട് നിന്ന് രാവിലെ 6.40ന് പുറപ്പെടുന്ന വയലട ഓര്‍ഡിനറി ബസ് രാത്രി ഏഴോടെ കോഴിക്കോട്ട് ട്രിപ്പ് അവസാനിപ്പിച്ച് പാവങ്ങാട് ഡിപ്പോയിലാണ് നിര്‍ത്തിയിടാറ്. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി ബസ് താമരശ്ശേരിയിലേക്കു മാറ്റി. ബസ് രാത്രിയില്‍ താമരശ്ശേരിയില്‍ നിര്‍ത്തിയിടുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിന് ട്രിപ്പ് ഒഴിവാക്കി. ഇങ്ങനെ ക്രമീകരിക്കുമ്പോള്‍ സ്ഥിരം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കെ.എസ്.ആര്‍.ടി.സി പരിഗണിച്ചില്ല.
കെ.എസ്.ആര്‍.ടി.സിയുടെ സിംഗിള്‍ ഡ്യൂട്ടി അട്ടിമറിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന ആനക്കാംപൊയില്‍, കരിമ്പ്, മുത്തപ്പന്‍പുഴ പ്രദേശങ്ങളിലേക്ക് നിലവില്‍ സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകള്‍ പിന്‍വലിച്ച് റൂട്ടില്‍ അനാവശ്യ യാത്രാ ക്ലേശം സൃഷ്ടിക്കുകയാണ് കെ.എസ്.ആര്‍.ടി.സി തിരുവമ്പാടി അധികാരികളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇന്നലെ രാവിലെ പെയ്ത മഴയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തിയിടുന്ന ഗ്രൗണ്ടിലെ ചെളിയില്‍ പൂണ്ട് രണ്ടു ബസുകള്‍ക്ക് സര്‍വിസ് നടത്താനായില്ലെന്നും കോഴിക്കോട് നിന്ന് മറ്റു ബസുകളില്‍ ഡീസല്‍ ക്ഷാമം നേരിട്ടതിനാലുമാണ് ആനക്കാംപൊയിലിലേക്ക് സര്‍വിസ് നടത്താന്‍ കഴിയാത്തതെന്നും കെ.എസ്.ആര്‍.ടി.സി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."