മോസ്‌കോവിലും വിയറ്റ്‌നാമിലും ലഡാക്കിലും തെരഞ്ഞെടുപ്പാണ് !
കണ്ണൂര്‍: വൈവിധ്യമുള്ള പേരുകളുള്ള നിരവധി പ്രദേശങ്ങളുണ്ട് കണ്ണൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍. വിദേശരാജ്യങ്ങളുടെയും ഭാഷകളുടെയും പേരില്‍, വാക്കാല്‍ മാത്രം അറിയപ്പെടുന്ന എന്നാല്‍ രേഖകളിലില്ലാത്ത ഗ്രാമീണ പേരുകള്‍. ചില പ്രദേശങ്ങളുടെ പേര് കേട്ടാല്‍ തന്നെ നമുക്ക് അമ്പരപ്പ് തോന്നും. ചുരുക്കി പറഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലെ മോസ്‌കോവിലും വിയറ്റ്‌നാമിലും ലഡാക്കിലുമെല്ലാം ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പാണ്! ഇത്തരം പ്രദേശങ്ങളെ കുറിച്ചും തെരഞ്ഞെടുപ്പ് വിശേഷങ്ങളെ കുറിച്ചും.
അറബി വാര്‍ഡിലുണ്ടൊരു മോസ്‌കോ
കണ്ണൂര്‍ ജില്ലയിലെ മലയോര പഞ്ചായത്തായ ഉളിക്കല്‍ പഞ്ചായത്തില്‍ അറബി എന്നൊരു വാര്‍ഡ് തന്നെയുണ്ട്. ഗള്‍ഫിലെ അറബി ഭാഷയിലൊരു വാര്‍ഡോ എന്ന് അത്ഭുതം കൂറാന്‍ വരട്ടെ, ഏഴാം വാര്‍ഡായ അറബി വാര്‍ഡില്‍ മോസ്‌കോ എന്നു മറ്റൊരു പ്രദേശവുമുണ്ട്! ഉളിക്കല്‍ പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫ് ആണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അറബി വാര്‍ഡില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷേര്‍ലി അലക്‌സാണ്ടര്‍ പഞ്ചായത്ത് പ്രസിഡന്റുമായി. മൂന്നു മുന്നണികളും ഇക്കുറി അറബി വാര്‍ഡില്‍ ജനവിധി തേടുന്നുണ്ട്.
വിയറ്റ്‌നാമില്‍
മുസ്‌ലിം ലീഗ്
വനമേഖലയായ ആറളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിന്റെ പേര് വിയറ്റ്‌നാം. കഴിഞ്ഞ തവണ വിയറ്റ്‌നാമില്‍ വിജയിച്ചത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ റഹിയാനത്ത് സുബിയാണ്. യു.ഡി.എഫ് കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് ഭരിച്ചപ്പോള്‍ റഹിയാനത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണായി. ഇക്കുറി മൂന്നു മുന്നണികളും ഇവിടെ മത്സര രംഗത്തുണ്ട്.
അമേരിക്കന്‍ പാറയിലും
തെരഞ്ഞെടുപ്പ്
അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്നാല്‍ ഉളിക്കല്‍ പഞ്ചായത്തിലെ അമേരിക്കന്‍ പാറയില്‍ 14നാണ് തദ്ദേശ തെരഞ്ഞെടുപ്പ്.
യു.ഡി.എഫ് ഭരിക്കുന്ന ഉളിക്കല്‍ പഞ്ചായത്തിലെ 17ാം വാര്‍ഡ് നുച്ച്യാടിലുള്ള ചെറിയ പ്രദേശമാണ് അമേരിക്കന്‍ പാറ.
അമേരിക്കന്‍ പാറ ഉള്‍പ്പെടുന്ന നുച്ച്യാട് വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മുസ്‌ലിം ലീഗ് പ്രതിനിധിയാണ്. മൂന്ന് മുന്നണികളും ഇക്കുറി അമേരിക്കന്‍ പാറയില്‍ ജനവിധി തേടുന്നുണ്ട്.
പാകിസ്താന്‍
പീടികയുമുണ്ട്
ചിറ്റാരിപറമ്പ് പഞ്ചായത്തിലെ 14ാം വാര്‍ഡ് മാനന്തേരിയില്‍ പാകിസ്താന്‍ പീടികയെന്ന ഒരു ചെറിയ പ്രദേശമുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിസ്താനില്‍ പോയി വന്ന ഒരാള്‍ കച്ചവട സ്ഥാപനം തുടങ്ങിയിരുന്നു.
ഇതില്‍ നിന്നാണ് പാകിസ്താന്‍ പീടികയെന്ന് ബസ് സ്റ്റോപിനും ചുറ്റുവട്ടത്തുള്ള പ്രദേശത്തിനും പേര് വീണത്.
എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പാകിസ്താന്‍ പീടിക ഉള്‍പ്പെടുന്ന വാര്‍ഡില്‍ കഴിഞ്ഞ തവണ വിജയിച്ചത് സി.പി.എം പ്രതിനിധിയാണ്. ഇക്കുറിയും പാകിസ്താന്‍ പീടിക പിടിക്കാന്‍ മൂന്ന് മുന്നണികളും രംഗത്തുണ്ട്.
ലഡാക്കിലെ
പോരാണ് പോര്
കഴിഞ്ഞ തവണ യു.ഡി.എഫ് 45 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഉദയഗിരി പഞ്ചായത്തിലെ ആറാം വാര്‍ഡ് ലഡാക്കിലാണ് ഇക്കുറി തീപാറും പോരാട്ടം. സ്ഥാനമൊഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും നേര്‍ക്കുനേര്‍ പോരാടുന്നുവെന്നതാണ് പ്രത്യേകത. പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ മിനി മാത്യവും വൈസ് പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിലെ സിജോ ജോര്‍ജ് തുണ്ടിയിലുമാണ് ലഡാക്ക് പിടിക്കാന്‍ രംഗത്ത്.
കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം മുന്നണി മാറിയതോടെയാണ് മത്സരം നേര്‍ക്കുനേരെയായത്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാര്‍ഡില്‍ മിനി മാത്യുവാണ് വിജയിച്ചത്.
ഇക്കുറി ജനറല്‍ വാര്‍ഡായിട്ടും ലഡാക്ക് പിടിക്കാന്‍ മിനിയെ തന്നെ കോണ്‍ഗ്രസ് നിയോഗിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."