ഐ.ടി യുഗത്തില്‍ പിടിച്ച് നില്‍ക്കാനാകാതെ ഈറ്റ തൊഴിലാളികള്‍
ഉയിര്‍ത്തെഴുന്നേല്‍പ്പ് സ്വപ്നം കണ്ട് വടക്കാഞ്ചേരി ഈറ്റ തൊഴിലാളി സഹകരണ സംഘം
വടക്കാഞ്ചേരി: പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതി തയാറാക്കുമെന്ന കാലാ കാലങ്ങളില്‍ ഭരണം നടത്തുന്നവരുടെ പ്രഖ്യാപനങ്ങള്‍ നിലനില്‍ക്കുമ്പോഴും ഒരു ആനുകൂല്യവും ജീവിത പുരോഗതിയും ഇല്ലാതെ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കുട്ടയും മുറവും പനമ്പുമൊക്കെ ഈറ്റയില്‍ നെയ്‌തെടുക്കുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തിന് കയ്യും കണക്കുമില്ല.
ഒരു കാലത്ത് പ്രതാപത്തിന്റെ കൊടുമുടിയില്‍ നിന്നിരുന്ന ഈ മേഖലയിന്ന് നാശത്തിന്റെ പടുകുഴിയിലാണ്. പട്ടിണിയും പരിവട്ടവും മാത്രം കൂട്ടായതോടെ പാരമ്പര്യ തൊഴിലാളികളെല്ലാം ഈ രംഗത്തെ കയ്യൊഴിഞ്ഞു. പുതുതലമുറ ഈ രംഗത്തേക്ക് കടന്നു വരുന്നതേ ഇല്ല. അതു കൊണ്ടു തന്നെ പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പല സഹകരണ സംഘങ്ങളും ഇന്ന് ഓര്‍മ്മ മാത്രമാണ്.
തലപ്പിള്ളി താലൂക്കില്‍ ഇപ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത് വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന വടക്കാഞ്ചേരി ഈറ്റ തൊഴിലാളി സഹകരണ സംഘം മാത്രമാണ്. 1979 ലാണ് ഈ സംഘം രൂപീകരിച്ചത്. തുടക്കത്തില്‍ എഴുപതോളം തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്ന സ്ഥാപനത്തില്‍ ഇന്നുള്ളത് 23 ഓളം വയോധിക വനിതകള്‍ മാത്രമാണ്. ഇവരും ഇന്ന് പ്രതിസന്ധിയുടെ ആഴം കാണന്നു. ആദ്യകാലങ്ങളില്‍ മാങ്ങ, വെറ്റില കൊട്ടകളാണ് ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നത്.
എന്നാല്‍ മാങ്ങ കൊട്ടകള്‍ പ്ലാസ്റ്റിക്കിലേക്കും, പേപ്പറിലേക്കുമൊക്കെ വഴി മാറിയതോടെ മാങ്ങ കൊട്ടക്ക് ഈറ്റ കൊട്ട വേണ്ടാതായി. ഇപ്പോള്‍ മലപ്പുറം, തിരൂര്‍ മേഖലകളിലേക്ക് വെറ്റില പാക്ക് ചെയ്യുന്നതിന് മാത്രമാണ് വടക്കാഞ്ചേരി കൊട്ടകള്‍ ഉപയോഗിക്കുന്നത്.
ഒരു കൊട്ടക്ക് 19 രൂപ ലഭിക്കുമ്പോള്‍ നിര്‍മിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്നത് 9.50 രൂപ മാത്രമാണ്. 20 കൊട്ടയാണ് ഒരു തൊഴിലാളി പ്രതി ദിനം ഉല്‍പാദിപ്പിക്കുന്നത്. കേരള സംസ്ഥാന ബാംബു കോര്‍പ്പറേഷന്റെ കീഴിലുള്ള ചാലക്കുടി, പെരുമ്പാവൂര്‍ സംഭരണകേന്ദ്രങ്ങളില്‍ നിന്നാണ് വടക്കാഞ്ചേരിയിലേക്ക് ഈറ്റ എത്തുന്നത്.
ഷോളയാര്‍, അടിമാലി എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ നിന്നാണ് ഈറ്റ കൊണ്ടുവരുന്നത്. 20 ഈറ്റ ഉള്‍പ്പെടുന്ന ഒരു കെട്ടിന് 260 രൂപയാണ് വില. അടിമാലി ഈറ്റക്കാണ് ഡിമാന്റ് ഏറെയുള്ളതെങ്കിലും അത് കിട്ടാനില്ലാത്ത അവസ്ഥയാണ്. പരമ്പരാഗത ഈറ്റ ഉല്‍പന്നങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തില്‍ പ്രസക്തി നഷ്ടപ്പെട്ടതും, വൈവിധ്യവല്‍ക്കരണം ഇല്ലാത്തതുമാണ് ഈ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.
വടക്കാഞ്ചേരി സംഘം ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തീരുമാനമെടുത്ത് കഴിഞ്ഞു. വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘത്തില്‍ പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം സെല്‍ഫ് എംപ്ലോയീസ് വുമണ്‍സ് അസോസിയേഷന്‍ ട്രെയിനര്‍ സിന്ധുവാണ് പരിശീലനം നല്‍കുന്നത്. വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉറവിന്റെ പ്രവര്‍ത്തക കൂടിയാണ് സിന്ധു.
ഈറ്റ കൊണ്ടുള്ള വിശറി, ചപ്പാത്തി മെയ്ക്കര്‍, പൂ കൊട്ടകള്‍, പഴം സൂക്ഷിക്കാവുന്ന കൊട്ട, ഫ്‌ളവര്‍ സ്റ്റാന്റ്, തലയില്‍ വെക്കുന്ന സ്ലൈഡുകള്‍, ക്രിസ്തുമസ് നക്ഷത്രങ്ങള്‍, പുല്‍കൂടുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന് ശേഷം ഈ ഉല്‍പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണനം നടത്തുന്നതിനാണ് തീരുമാനം.
വിവിധ എക്‌സിബിഷനിലൂടെ വിറ്റൊഴിക്കാനും തീരുമാനമുണ്ട്. എറണാംകുളത്തെ ബാംബു ഫെസ്റ്റ്, പൈതൃകോത്സവം എന്നിവയിലും സംഘം പങ്കെടുക്കുമെന്ന് സംഘം പ്രസിഡന്റ് എ. ചന്ദ്രന്‍, സെക്രട്ടറി പരമേശ്വരന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."