യുവാവും സുഹൃത്തുക്കളും പിടിയില്‍
ശാസ്താംകോട്ട: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വീട്ടില്‍ അതിക്രമിച്ച് കയറി പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും സുഹൃത്തുക്കളും പൊലിസിന്റെ പിടിയിലായി. ശാസ്താംകോട്ട ആയിക്കുന്നം ചിരണിക്കല്‍ വീട്ടില്‍ അനന്തു (23), സുഹൃത്തുക്കളായ പനപ്പെട്ടി സ്വദേശി രതീഷ്, പോരുവഴി കമ്പലടി സ്വദേശി ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പെണ്‍കുട്ടിയുടെ കുന്നത്തൂര്‍ തോട്ടത്തുംമുറിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യത്തില്‍ സഹായിച്ചതിനും പ്രതിക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയതിനുമാണ് സുഹൃത്തുക്കളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: കുന്നത്തൂര്‍ തോട്ടത്തുംമുറി സ്വദേശിയായ വിദ്യാര്‍ഥിനിയുമായി കൊട്ടാരക്കര - ചവറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ അനന്തു ബസ് യാത്രയ്ക്കിടയില്‍ പരിചയത്തിലാകുകയും തുടര്‍ന്ന് പ്രണയത്തിലാകുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതാണ് പ്രതിയെ ആക്രമണത്തിന് പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ കൂട്ടുപ്രതികളുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 ഓടെ പെണ്‍കുട്ടിയുടെ വീടിനു സമീപം ബൈക്കില്‍ എത്തി. വീടിനുള്ളില്‍ അതിക്രമിച്ച് കയറി കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് പെണ്‍കുട്ടിയുടെ അടിവയറ്റില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. മൂന്ന് തവണ കുത്തേറ്റ കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കളും സഹോദരിയും ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പുറത്തു കടന്ന ശേഷം സഹായികളായ രണ്ടും മൂന്നും പ്രതികളോടൊപ്പം അനന്തു ഒളിവില്‍ പോകുകയായിരുന്നു. മുതുപിലാക്കാട്ട് നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."