വിമര്‍ശനമുണ്ടാകുംവിധം ഭേദഗതി കൊണ്ടുവന്നത് പോരായ്മ: എം.എ ബേബി
പാര്‍ട്ടിക്കകത്തെ അസംതൃപ്തി പരസ്യമായി പ്രകടമാക്കി മുതിര്‍ന്ന നേതാവ്
തിരുവനന്തപുരം: പൊലിസ് നിയമഭേദഗതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണെന്നും ബേബി പറഞ്ഞു. അതിനു മുന്പുളള കാര്യങ്ങള്‍ ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. ഈ നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകള്‍ നടന്നാലും പോരായ്മകളുണ്ടാകാമെന്നാണ് വ്യക്തമായത്. പോരായ്മകളെല്ലാം തിരിച്ചറിയുകയും അത് മനസിലാക്കുകയും ചെയ്യുന്നുവെന്നും എം.എ ബേബി വ്യക്തമാക്കി. നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതിനുശേഷം ആദ്യമായാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് മുതിര്‍ന്ന നേതാവ് പരസ്യമായി പ്രതികരിക്കുന്നത്.
വിമര്‍ശനം ഉണ്ടാകുന്നവിധം പൊലിസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്മയാണ്. വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഇനി ശ്രമിക്കേണ്ടത്. എങ്ങനെ മുന്നോട്ട് പോകണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും ബേബി പറഞ്ഞു. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാടെടുത്തതിനു പിന്നാലെയാണ് പൊലിസ് നിയമഭേദഗതിയില്‍നിന്ന് പിന്മാറാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സിനെതിരേ ഇടതുമുന്നണിയിലും സംസ്ഥാനത്താകെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. എതിര്‍പ്പുകളെ തുടര്‍ന്ന് ഒരു തീരുമാനത്തില്‍ നിന്ന് പിണറായി വിജയന് പിന്മാറുന്നത് ആദ്യമായാണ്. പൊലിസ് നിയമ ഭേദഗതിക്കെതിരേ പാര്‍ട്ടിക്കകത്തെ അസംതൃപ്തി പരസ്യമായി പ്രകടമാക്കുന്നതാണ് ബേബിയുടെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."