നാശംവിതച്ച് വേനല്‍ മഴ
കാസര്‍കോട്: ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെ പെയ്ത കനത്ത കാറ്റിലും മഴയിലും വ്യാപക നാശം. കാസര്‍കോട് മംഗളൂരു ദേശീയ പാതയ്ക്കു സമീപം മരം കടപുഴകി വീണു. കാസര്‍കോട് നഗരത്തിനു സമീപം നായന്മാര്‍മൂല കവലയിലാണ് മരം പൊട്ടി വീണത്. പുലര്‍ച്ചെ വാഹനനങ്ങള്‍ കുറവായതിനാലും റോഡിനു സമീപത്തായതിനാലും ഗതാഗതം തടസപ്പെട്ടില്ല. പൊട്ടിവീണ മരം രാവിലെയോടെ അഗ്നിശമനാ സേനയെത്തി മുറിച്ചു മാറ്റി.
ബദിയടുക്ക: ഇന്നലെ പുലര്‍ച്ചെയുണ്ടായ മഴയിലും ഇടിയിലും രണ്ടു വീടുകള്‍ ഭാഗീകമായി തകര്‍ന്നു. നീര്‍ച്ചാല്‍ മാന്യക്ക് സമീപം ചുക്കിനടുക്കയിലെ കൊറഗു നായക്കിന്റെ കോണ്‍ക്രിറ്റ് വീടിനും സമീപത്തെ കൊറഗു നായക്കിന്റെ മകള്‍ കമലയുടെ വീടുമാണ് തകര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കൊറഗു നായ്ക്കിന്റെ കോണ്‍ക്രിറ്റ് വീടിന്റെ ചുമരിന് വിള്ളല്‍ വീണു. വയറിംഗ് പൂര്‍ണമായും കത്തിനശിച്ചു.
ഫാന്‍ , ബള്‍ബ്, ടി.വി തുടങ്ങിയ വൈദ്യുതി ഉപകരണങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. കമലയുടെ ഓട് മേഞ്ഞ വീട് ഭാഗീകമായി തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു.
നെല്‍കര്‍ഷകര്‍ക്ക് ആശ്വാസ മഴ
രാജപുരം: കഴിഞ്ഞ ദിവസം ജില്ലയയിലെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച വേനല്‍ മഴ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി. കാലവര്‍ഷം വൈകുന്നത് മൂലം ഒന്നാം വിളയ്ക്കുള്ള ഞാറ്റടി ഒരുക്കാനാകുമെന്നതാണ് അവര്‍ക്ക് ആശ്വാസം പകരുന്നത്. വരള്‍ച്ച മുലം ഈ വര്‍ഷം ഞാറ്റടി ഒരുക്കുന്നത് മുടങ്ങുമോയെന്ന ആശങ്കയിലായിരുന്നു ഇത്ര കാലവും മലയോരത്തെ കര്‍ഷകര്‍. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ലഭിച്ച മഴ ഇവരുടെ പ്രതീക്ഷകള്‍ക്ക് കരുത്തായിട്ടുണ്ട്.
മലയോരത്തെ മിക്ക പഞ്ചായത്തുകളിലും കര്‍ഷകര്‍ നെല്‍കൃഷിയെ കൈവിടുമ്പോള്‍ കോടോംബേളൂര്‍ പോലെ നെല്‍കൃഷിയെ കൈവിടാത്ത പഞ്ചായത്തുകളിലെ കര്‍ഷകരെയാണ് ഈ വര്‍ഷം മഴ ചതിക്കുമെന്ന ഭയം പ്രധാനമായും ഉണ്ടായിരുന്നത്.
കോടോംബേളൂരില്‍ എട്ടിലേറെ പാടശേഖര സമിതിയാണുള്ളത്. ഏക്കര്‍ കണക്കിന് സ്ഥലങ്ങളില്‍ കര നെല്‍കൃഷിയും ചെയ്യുമ്പോള്‍ പാടങ്ങളിലും വ്യാപകമായി നെല്‍ കൃഷി ചെയ്യുകയാണ്. ഇവിടങ്ങളില്‍ വരള്‍ച്ച ബാധിച്ചതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്.
പുന കൃഷി ഏറെ ചെയ്തിരുന്ന പ്രദേശത്ത് റബ്ബറിന്റെ വരവോടെ ഈ കൃഷി രീതിയും അന്യമായി. റബ്ബറിനു വേണ്ടി മരച്ചീനി, ഇഞ്ചി പോലുള്ള ഇടവിളകള്‍ വഴിമാറി.
പ്രതിസന്ധിയിലും നെല്‍കൃഷി കൈവെടിയാത്തവര്‍ക്ക് തൊഴിലാളി ക്ഷാമവും കാര്‍ഷിക യന്ത്രങ്ങളുടെ അഭാവവും പ്രശ്‌നമുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. തൊഴിലാളി ബാങ്ക് എന്ന ആശയം പഞ്ചായത്തില്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല.
ഇനിയും വരും ദിനങ്ങളില്‍ മഴ ലഭിക്കുകയാണെങ്കില്‍ ഈ വര്‍ഷം പാടത്ത് പൊന്ന് വിളയിക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."