ചേനമലക്കാരുടെ ഉറക്കംകെടുത്തുന്നത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
കല്‍പ്പറ്റ: വെള്ളപ്പൊക്കത്തിന്റെയും കുന്നിടിച്ചിലിന്റെയും ഭീഷണി ഒരേ പോലെ നേരിടുകയാണ് കല്‍പ്പറ്റ നഗരസഭയിലെ ചേനമല.
കനത്ത മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ചേനമലയിലെ അമ്പതോളം കുടുംബങ്ങള്‍. കഴിഞ്ഞ മാസം പെയ്ത കനത്ത മഴയില്‍ മണ്ണിടിഞ്ഞ് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കല്‍പ്പറ്റ എന്‍.എം.ഡി.സി ദുരിതാശ്വാസ ക്യാംപിലാണ് ഈ കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നത്. ബാക്കിയുള്ള ആളുകള്‍ പ്രാണഭയത്തോടെയാണ് പ്രദേശത്ത് താമസിക്കുന്നത്. തങ്ങളുടെ വീടുകള്‍ മണ്ണെടുക്കുമെന്ന പേടിയിലാണിവര്‍. ഒരേസമയം വെള്ളപ്പൊക്കത്തിന്റെയും കുന്നിടിച്ചിലിന്റെയും കടുത്ത ഭീതിയിലാണ് ഇവര്‍ കഴിയുന്നത്. ചാലിയം പറമ്പത്ത് ലൈല, വലിയപറമ്പത്ത് ശ്രീധരന്‍ എന്നിവരുടെ വീടുകളാണ് മണ്ണിടിഞ്ഞ് തകര്‍ന്നത്. ഭീഷണിയിലായ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതിനാലാണ് ആളപായം ഒഴിവായത്. മഴക്കാലത്ത് താഴ്ഭാഗത്ത് തുര്‍ക്കിപുഴയില്‍നിന്നുള്ള മലവെള്ളപ്പാച്ചിലും, മുകള്‍ഭാഗത്തുനിന്നും കനത്ത മണ്ണിടിച്ചിലും കാരണം ഭീതിയുടെ മുള്‍മുനയിലാണിവര്‍. മുണ്ടുപാലക്കല്‍ ചിന്നമ്മ, പുതുക്കുടി ബഷീര്‍, ബാബു, പാത്തുമ്മ, അമ്പാടി കൃഷ്ണന്‍, സീനത്ത് എന്നിവരുടെ വീടുകള്‍ തുര്‍ക്കി പുഴയില്‍നിന്നും വെള്ളം കയറി മുങ്ങിയിരുന്നു. ഇവരുള്‍പ്പെടെ മുപ്പതോളം വീടുകളിലാണ് വെള്ളം കയറിയത്. വീട്ടിനുള്ളിലെ മിക്ക സാധനങ്ങളും മലവെള്ളപാച്ചിലില്‍ നശിച്ചു. പുഴയരികിലുള്ള അഞ്ച് വീടുകള്‍ വെള്ളപ്പൊക്കത്തിന്റെയും ഭീഷണി നേരിടുകയാണ്. അശാസ്ത്രീയമായി മണ്ണെടുത്തും മതില്‍കെട്ടിയും കുന്നിന്‍ചെരുവില്‍ എടുത്ത വീടുകളെല്ലാം മണ്ണിടിച്ചില്‍ ഭീഷണിയിലാണ്്. കുന്നിടിച്ച് വീടെടുത്തത് മറ്റുള്ളവര്‍ക്കും അപകടഭീഷണിയായി മാറി. മഴമാറിയെങ്കിലും മനസമാധാനത്തോടെ കഴിയാന്‍ ഇവര്‍ക്കാവുന്നില്ല. ഏത് നിമിഷവും കുന്നിടിയും. ഓരോ വീടിന്റെയും മതിലും മുറ്റത്തിന്റെ കെട്ടും തൊട്ടു താഴെയുള്ള വീടിന് ഭീഷണിയായ നിലയിലാണുള്ളത്.
പ്രസ് ക്ലബ് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: ചേനമല ലക്ഷം വീട് കോളനിയില്‍ വയനാട് പ്രസ് ക്ലബ് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് വിതരണത്തിന് പ്രസ്‌ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി, സെക്രട്ടറി പി.ഒ ഷീജ, ട്രഷറര്‍ പി. ജയേഷ്, ജോ.സെക്രട്ടറി അനില്‍ എം ബഷീര്‍, എം ഷാജി, അനൂപ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."