സ്വാശ്രയ മെഡി. പ്രവേശനം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സ്വാശ്രയ മുതലാളിമാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ദാസ്യവേല ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
വി.എസ് ശിവകുമാര്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മന്ത്രി കെ.കെ ശൈലജ നല്‍കിയ മറുപടിക്കുശേഷം അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം അപ്രാപ്യമായിരിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടി വി.എസ് ശിവകുമാര്‍ പറഞ്ഞു. മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ഫീസ് ഉയര്‍ത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിവച്ചതിനുശേഷമായിരുന്നു ചര്‍ച്ച. ഫീസ് വര്‍ധിപ്പിക്കാനുള്ള ഉറപ്പാണ് സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശങ്കയ്ക്കിടയില്ലാത്തവിധം എം.ബി.ബി.എസ് പ്രവേശനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് സ്വാഭാവിക കാലതാമസമാണ് ഉണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചശേഷം ഓര്‍ഡിനന്‍സ് ഇറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിതേടി.
അനുമതി ലഭിച്ചുകഴിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതിനൊപ്പം നിയമസഭാ സമ്മേളന തിയതിയും തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സിന്റെ പ്രസക്തി നഷ്ടപ്പെടുകയും നിയമമായി തന്നെ സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ഭേദഗതിപ്രകാരമുള്ള രണ്ട് സമിതികളുടെ ചെയര്‍പേഴ്‌സണായി റിട്ട. ജസ്റ്റിസ് രാജേന്ദ്രബാബുവിനെ നിയമിച്ച് വിജ്ഞാപനവും പുറപ്പെടുവിച്ചതായി മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കുട്ടികളെ കുരിശിലേറ്റുകയാണെന്നും ഫീസിനെക്കുറിച്ച് കുട്ടികള്‍ക്ക് ധാരണയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. ഫീസിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല. മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്.
ഫീസ് ഇനിയും കൂട്ടാനുള്ള ധാരണയാണ് സര്‍ക്കാരും മാനേജ്‌മെന്റുകളും ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കോടതിയില്‍പോയി അനുകൂലവിധി വാങ്ങുന്നതിനുള്ള അവസരമാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."