'മോറട്ടോറിയം നിലനില്‍ക്കെ ബാങ്കുകളുടെ ജപ്തി നടപടി നിര്‍ത്തിവയ്ക്കണം'
പുല്‍പ്പള്ളി: പഞ്ചായത്തുകളില്‍ കര്‍ഷകരുടെ വായ്പാ കുടിശികയുടെ പേരില്‍ ബാങ്കുകള്‍ ആരംഭിച്ച ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപ്പെടണമെന്ന് ആവശ്യമുയരുന്നു.
സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശം ലഭിക്കാത്തത് മൂലം നിയമനടപടിയുമായി ബാങ്കുകള്‍ മുന്നോട്ട് പോവുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണുള്ളത്. ബാങ്കുകള്‍ നിരന്തരമായി നോട്ടീസുകളയച്ചും അധികൃതര്‍ വീടുകളിലെത്തി ലോണുകള്‍ പുതുക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുകയാണെന്നും ലോണ്‍ പുതുക്കാന്‍ തയാറാകാത്ത കര്‍ഷകരുടെ പേരില്‍ സര്‍ഫാസി ആക്ടുപയോഗിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയുമാണ്.
ഇതുമൂലം ഭൂരിഭാഗം കര്‍ഷകരും നിയമനടപടി ഭയന്ന് ലോണ്‍ പുതുക്കാന്‍ തയാറാവുകയാണ്. രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ നിന്ന് ആദായമൊന്നും ലഭിക്കാതെ വന്നതോടെ കടം വീട്ടാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
കനത്ത മഴയെ തുടര്‍ന്ന് കുരുമുളക്, വാഴ, കവുങ്ങ്, ഇഞ്ചി തുടങ്ങിയ കൃഷികള്‍ പൂര്‍ണമായി നശിക്കുകയും നിത്യചെലവിന് പോലും പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ ഇതൊന്നും മനസിലാക്കാതെ ബാങ്ക് അധികൃതര്‍ വീടുകളിലെത്തി ലോണ്‍ പുതുക്കാന്‍ ആവശ്യപ്പെടുകയാണ്. ഇത്തരം ബാങ്കുകളുടെ നടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷകരെടുത്തിട്ടുള്ള മുഴുവന്‍ വായ്പകള്‍ക്കും മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."