ഒളിവില്‍ പോയ ചിട്ടി കമ്പനി ഉടമകള്‍ സ്ഥലം വില്പന നടത്തിയതിന്റെ രേഖകള്‍ പുറത്ത്
തൃപ്രയാര്‍: ഇടപാടുകാരെ കബളിപ്പിച്ച് കോടികളുമായി ഒളിവില്‍ പോയ തൃപ്രയാര്‍ ട്രേഡ് ലിങ്ക് ചിട്ടി കമ്പനി ഉടമകള്‍ സ്ഥാപനത്തിന്റെ അധീനതയിലുള്ള സ്ഥലം വില്പന നടത്തിയതിന്റെ രേഖകള്‍ പുറത്ത്. ചെയര്മാന് കെ.എസ് മനോജും മാനേജിങ്ങ് ഡയറക്ടര്‍ പി.എ.തോമസും ചേര്‍ന്ന് വാടാനപ്പള്ളിയിലെ സ്ഥലം തീറാധാരം നടത്തിയതിന്റെ രേഖകള്‍ ടി.സി.വിക്ക് ലഭിച്ചു. ഈ മാസം ഒന്നിന് കാട്ടൂരില്‍ ഹെഡ് ഓഫിസായുള്ള ട്രേഡ് ലിങ്ക് ചിറ്റ്സ് ആന്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിലെ തൃപ്രയാറിലെ അഡ്മിനിസ്ട്രേഷന് ഓഫിസ് പൊലിസ് പൂട്ടി സീല്‍ ചെയ്തിരുന്നു. 2011ല്‍ 1358ാം നമ്പര്‍ ആധാരപ്രകാരം ട്രേഡ് ലിങ്ക് ചിട്ടി കമ്പനിക്ക് ലഭിച്ച വാടാനപ്പള്ളിയിലെ 29 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളസ്ഥലമാണ് വിറ്റൊഴിച്ചത്. പടിയം പട്ടാട്ട് അബ്ദുല്‍ അക്ബര്‍, മാങ്ങാട്ടുകര നമ്പിയത്ത് ഷാജി എന്നിവരുടെ പേരിലാണ് തീറാധാരം നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സ്ഥലത്തിന്റെ വിലയായി 10,33,000 രൂപ കാണിച്ച് 62,000 രൂപയാണ് തീറാധാരത്തിനായി ചുമത്തിയിട്ടുള്ളത്. കമ്പനിയുടെ മറ്റ് ആസ്തികള്‍ ഇത്തരത്തില്‍ വിറ്റൊഴിച്ചിട്ടുണ്ടാകാമെന്നാണ് ഇടപാടുകാരുടെ സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."